Monday, August 10, 2009

സ്വയാശ്രയം

സ്വയാശ്രയം മുക്കുവന്റെ നോട്ടത്തില്‍! എന്ന പോസ്റ്റിനിട്ട മറുപടി.

പോസ്റ്റ് വായിച്ചു. പലതിനോടും യോജിക്കാന്‍ പറ്റുന്നില്ല. കേരളത്തിനു അകത്തെ സ്വാശ്രയകോളേജുകള്‍ തുടങ്ങുന്ന കാലത്ത് രാഷ്ട്രീയ നേതൃത്വം പറയുകയും, കോളേജ് ഉടമകള്‍ നിഷേധിക്കാതിരിക്കുകയും, ഒരു വര്‍ഷം നടപ്പില്‍ വരുത്തുകയും ചെയ്ത കാര്യമാണ് ഈ 50:50. ആദ്യവര്‍ഷത്തെ സ്വാശ്രയ കോളേജിലെ 50% വിദ്യാര്‍ത്ഥികള്‍ പഠിച്ചതു 4000 രൂപക്കാണ്. അന്നത്തെ ബാക്കി 50% ത്തിന്റെ സ്വാശ്രയഫീസ് 33000 രൂപയായിരുന്നു. ഈ വസ്തുതകളില്‍ നിന്നുള്ള വലിയ മാറ്റം ആത്യന്തികമായി “ജനങള്‍ വഞ്ചിക്കപ്പെട്ടു” എന്നതിന്റെ തെളിവു മാത്രമേ ആകുന്നുള്ളൂ.

സമ്പത്ത് മാത്രം ഉന്നത വിദ്യാഭ്യാസത്തിന്റെ യോഗ്യതയാകുന്നത് ശരിയല്ല. രണ്ടുള്ളവന്‍ ഒന്നു ഇല്ലാത്തവനു നല്‍കട്ടെയെന്ന യേശു വചനം അവര്‍തന്നെ മറക്കുന്നതു ശരിയാണോ? ഇവിടുത്തെ പാവപ്പെട്ടന്റെ അഹങ്കാരമല്ല ഈ അവകാശവാദം. ഗവണ്മെന്റ് പറയുന്നയോഗ്യതയില്‍ ‘കാശ്‘ മാത്രമില്ലാതായിപ്പോയവന്റെ രോദനത്തിന്ന് ചെവികൊടുക്കണമെന്നേ പറയുന്നുള്ളൂ. പണക്കാരുടെ മക്കള്‍ മുമ്പും സ്വാശ്രയകോളേജുകളില്‍ പഠിച്ചിരുന്നു. കേരളത്തിന്ന് പുറത്തായിരുന്നുവെന്ന് മാത്രം. അത് ഇന്നും സാധ്യമാണ്. ഇവിടുത്തേതിനേക്കാള്‍ കൂടുതല്‍ ഫീസും കോഴയും ഇപ്പോഴും അവിടെയുണ്ട് താനും. പണക്കാരന്റെ മക്കള്‍ക്കുമാത്രം പഠിക്കാന്‍കഴിയുന്ന ഉന്നതവിദ്യാഭാസകേന്ദ്രങള്‍ കൊണ്ട് സാമൂഹ്യ നീതി തരപ്പെടില്ല. അങനെയൊന്ന് പാവങള്‍ക്കു ആശകൊടുത്ത് ഇവിടെ തുടങേണ്ടിയിരുന്നോ? രണ്ട് സ്വാ‍ശ്രയ കോളേജുകള്‍ = ഒരു ഗവ. എങിനീയറിംഗ് കോളേജ് എന്നതിനു ഒതു തരത്തിന്ലും സാധ്യമല്ലെങ്കില്‍, 4 സ്വാ‍ശ്രയ കോളേജുകള്‍ = ഒരു ഗവ. എങിനീയറിംഗ് കോളേജ് എന്നതെങ്കിലും സാധ്യമാക്കേണ്ടതാണ്. അല്ലെങ്കില്‍ 50% സീറ്റില്‍ മെറിറ്റില്‍ നിന്നും ഗവ. ഫീസില്‍ (എന്നുവെച്ചാല്‍ ഗവ. കോളേജിലെ ഫീസില്‍, അല്ലാതെ ഗവ. നിശ്ചയിക്കുന്ന ഫീസല്ല) പ്രവേശനം നടത്തിയിട്ടു, ബാക്കി ഫീസ് സര്‍ക്കാര്‍ വഹിക്കണം.

6200/- ഫീസ് കൊടുക്കുന്നതിനുപോലും കഷ്ടപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ നമ്മുടെ കാമ്പസ്സുകളിലുണ്ട്. ആരെങ്കിലുമിതിനെ പുശ്ചിച്ചു തള്ളുന്നെങ്കില്‍ അവര്‍ക്കു ഏതെങ്കിലുമൊരു ഗവ. എങിനീറിംഗ് കോളേജില്‍ സ്കോളര്‍ഷിപ്പു നല്‍കാമെന്ന് പറഞു ഒരു നോട്ടീസ് കൊടുത്താല്‍ മതിയാവും സത്യാവസ്ഥ ബോധ്യപ്പെടാന്‍. എന്നിട്ടു ആ കുട്ടികളുമായി ഒന്നു സംസാരിക്കുകയും അവരുടെയൊക്കെ വീടുകള്‍ ഒന്നു സന്ദര്‍ശിക്കുകയും ചെയ്താല്‍ 50:50 ന്റെ ആവശ്യകത മനസ്സിലാകും. ഇതു ഒരു കുട്ടിയെ സഹായിക്കാന്‍ ഇറങ്ങി പുറപ്പെട്ട കൂട്ടായ്മയുടെ അനുഭവ സാക്ഷ്യം. കേവലം അഞ്ഞൂറോ, ആയിരമോ മാസം നല്‍കുന്ന ഒരു സ്കോളര്‍ഷിപ്പിനു വന്നവരിലേറെയും അര്‍ഹരായിരുന്നു.

പഠിക്കാനായി ലോണെടുക്കൂവെന്നു പറയാന്‍ എത്രയെളുപ്പം? ഈടില്ലാതെ ലോണ്‍ കിട്ടുമെന്നുള്ളതു വെറും പറച്ചില്‍ മാത്രം. ഒരുത്തനെ പഠിപ്പിക്കാന്‍ ഉള്ളതെല്ലാം കൂടി (എന്തെങ്കിലും ഉണ്ടെങ്കില്‍ ?) ഈടു നല്‍കിയാല്‍ കുടുംബത്തിന്റെ കഥയെന്താവും? മറുപടി പറഞ്ഞുപറഞ്ഞ് കാശില്ലാത്തവന്‍ പെണ്ണ് കെട്ടരുതെന്നും, കുട്ടികളെ ഉണ്ടാക്കരുതെന്നും, ഒന്നും ആഗ്രഹിക്കരുതെന്നും പറയില്ലെന്നു വിശ്വസിക്കട്ടെ?