Monday, August 10, 2009

സ്വയാശ്രയം

സ്വയാശ്രയം മുക്കുവന്റെ നോട്ടത്തില്‍! എന്ന പോസ്റ്റിനിട്ട മറുപടി.

പോസ്റ്റ് വായിച്ചു. പലതിനോടും യോജിക്കാന്‍ പറ്റുന്നില്ല. കേരളത്തിനു അകത്തെ സ്വാശ്രയകോളേജുകള്‍ തുടങ്ങുന്ന കാലത്ത് രാഷ്ട്രീയ നേതൃത്വം പറയുകയും, കോളേജ് ഉടമകള്‍ നിഷേധിക്കാതിരിക്കുകയും, ഒരു വര്‍ഷം നടപ്പില്‍ വരുത്തുകയും ചെയ്ത കാര്യമാണ് ഈ 50:50. ആദ്യവര്‍ഷത്തെ സ്വാശ്രയ കോളേജിലെ 50% വിദ്യാര്‍ത്ഥികള്‍ പഠിച്ചതു 4000 രൂപക്കാണ്. അന്നത്തെ ബാക്കി 50% ത്തിന്റെ സ്വാശ്രയഫീസ് 33000 രൂപയായിരുന്നു. ഈ വസ്തുതകളില്‍ നിന്നുള്ള വലിയ മാറ്റം ആത്യന്തികമായി “ജനങള്‍ വഞ്ചിക്കപ്പെട്ടു” എന്നതിന്റെ തെളിവു മാത്രമേ ആകുന്നുള്ളൂ.

സമ്പത്ത് മാത്രം ഉന്നത വിദ്യാഭ്യാസത്തിന്റെ യോഗ്യതയാകുന്നത് ശരിയല്ല. രണ്ടുള്ളവന്‍ ഒന്നു ഇല്ലാത്തവനു നല്‍കട്ടെയെന്ന യേശു വചനം അവര്‍തന്നെ മറക്കുന്നതു ശരിയാണോ? ഇവിടുത്തെ പാവപ്പെട്ടന്റെ അഹങ്കാരമല്ല ഈ അവകാശവാദം. ഗവണ്മെന്റ് പറയുന്നയോഗ്യതയില്‍ ‘കാശ്‘ മാത്രമില്ലാതായിപ്പോയവന്റെ രോദനത്തിന്ന് ചെവികൊടുക്കണമെന്നേ പറയുന്നുള്ളൂ. പണക്കാരുടെ മക്കള്‍ മുമ്പും സ്വാശ്രയകോളേജുകളില്‍ പഠിച്ചിരുന്നു. കേരളത്തിന്ന് പുറത്തായിരുന്നുവെന്ന് മാത്രം. അത് ഇന്നും സാധ്യമാണ്. ഇവിടുത്തേതിനേക്കാള്‍ കൂടുതല്‍ ഫീസും കോഴയും ഇപ്പോഴും അവിടെയുണ്ട് താനും. പണക്കാരന്റെ മക്കള്‍ക്കുമാത്രം പഠിക്കാന്‍കഴിയുന്ന ഉന്നതവിദ്യാഭാസകേന്ദ്രങള്‍ കൊണ്ട് സാമൂഹ്യ നീതി തരപ്പെടില്ല. അങനെയൊന്ന് പാവങള്‍ക്കു ആശകൊടുത്ത് ഇവിടെ തുടങേണ്ടിയിരുന്നോ? രണ്ട് സ്വാ‍ശ്രയ കോളേജുകള്‍ = ഒരു ഗവ. എങിനീയറിംഗ് കോളേജ് എന്നതിനു ഒതു തരത്തിന്ലും സാധ്യമല്ലെങ്കില്‍, 4 സ്വാ‍ശ്രയ കോളേജുകള്‍ = ഒരു ഗവ. എങിനീയറിംഗ് കോളേജ് എന്നതെങ്കിലും സാധ്യമാക്കേണ്ടതാണ്. അല്ലെങ്കില്‍ 50% സീറ്റില്‍ മെറിറ്റില്‍ നിന്നും ഗവ. ഫീസില്‍ (എന്നുവെച്ചാല്‍ ഗവ. കോളേജിലെ ഫീസില്‍, അല്ലാതെ ഗവ. നിശ്ചയിക്കുന്ന ഫീസല്ല) പ്രവേശനം നടത്തിയിട്ടു, ബാക്കി ഫീസ് സര്‍ക്കാര്‍ വഹിക്കണം.

6200/- ഫീസ് കൊടുക്കുന്നതിനുപോലും കഷ്ടപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ നമ്മുടെ കാമ്പസ്സുകളിലുണ്ട്. ആരെങ്കിലുമിതിനെ പുശ്ചിച്ചു തള്ളുന്നെങ്കില്‍ അവര്‍ക്കു ഏതെങ്കിലുമൊരു ഗവ. എങിനീറിംഗ് കോളേജില്‍ സ്കോളര്‍ഷിപ്പു നല്‍കാമെന്ന് പറഞു ഒരു നോട്ടീസ് കൊടുത്താല്‍ മതിയാവും സത്യാവസ്ഥ ബോധ്യപ്പെടാന്‍. എന്നിട്ടു ആ കുട്ടികളുമായി ഒന്നു സംസാരിക്കുകയും അവരുടെയൊക്കെ വീടുകള്‍ ഒന്നു സന്ദര്‍ശിക്കുകയും ചെയ്താല്‍ 50:50 ന്റെ ആവശ്യകത മനസ്സിലാകും. ഇതു ഒരു കുട്ടിയെ സഹായിക്കാന്‍ ഇറങ്ങി പുറപ്പെട്ട കൂട്ടായ്മയുടെ അനുഭവ സാക്ഷ്യം. കേവലം അഞ്ഞൂറോ, ആയിരമോ മാസം നല്‍കുന്ന ഒരു സ്കോളര്‍ഷിപ്പിനു വന്നവരിലേറെയും അര്‍ഹരായിരുന്നു.

പഠിക്കാനായി ലോണെടുക്കൂവെന്നു പറയാന്‍ എത്രയെളുപ്പം? ഈടില്ലാതെ ലോണ്‍ കിട്ടുമെന്നുള്ളതു വെറും പറച്ചില്‍ മാത്രം. ഒരുത്തനെ പഠിപ്പിക്കാന്‍ ഉള്ളതെല്ലാം കൂടി (എന്തെങ്കിലും ഉണ്ടെങ്കില്‍ ?) ഈടു നല്‍കിയാല്‍ കുടുംബത്തിന്റെ കഥയെന്താവും? മറുപടി പറഞ്ഞുപറഞ്ഞ് കാശില്ലാത്തവന്‍ പെണ്ണ് കെട്ടരുതെന്നും, കുട്ടികളെ ഉണ്ടാക്കരുതെന്നും, ഒന്നും ആഗ്രഹിക്കരുതെന്നും പറയില്ലെന്നു വിശ്വസിക്കട്ടെ?

Monday, July 27, 2009

ലക്ഷ്യം മാറുന്ന ചര്‍ച്ചകള്‍

‘രതി’യ്ക്കുണ്ടോ ‘വർഗ്ഗ‘ഭേദം? എന്ന പോങുമ്മൂടന്റെ പോസ്റ്റിനിട്ട മറുപടി

പുരുഷാധിപത്യമാണ് സകലപ്രശ്നങള്‍ക്കും കാരണമെന്ന ഫെമിനിസ്റ്റ് ചിന്താഗതി നമ്മുടെ നാട്ടിലെ പെണ്‍കുട്ടികള്‍ പോലും അംഗീകരിക്കില്ല.ഒരു അനുഭവം പറയാം. ‘പരസ്യങളിലെ സ്ത്രീ’ എന്ന വിഷയത്തെ സംബന്ധിച്ച് ശ്രീമതി. അജിത നടത്തിയ ഒരു സെമിനാര്‍ വര്‍ഷങള്‍ക്കു മുന്‍പ് കോഴിക്കോട് വനിതാപോളിയില്‍ വെച്ചു കേള്‍ക്കാന്‍ ഇടയായി.അവര്‍ ഊന്നിപ്പറഞതൊക്കെയും പുരുഷ മേധാവിത്വത്തെ കുറിച്ചും, പകര്‍ന്നു നല്‍കാന്‍ ശ്രമിച്ചതു പുരുഷവിദ്വേഷവും ആയിരുന്നു. പക്ഷെ ഒരു വിദ്യാര്‍ത്ഥിനി പോലും അതിനെ അനുകൂലിക്കാന്‍ തയ്യാറായില്ല എന്നു മാത്രമല്ല അതി നിശിതമായ വിമര്‍ശനം നടത്തുകയും ഉണ്ടായി. എല്ലാവരും കൂടി തല്ലിക്കളയുമോയെന്നു പോലും എനിക്കു തോന്നിയതാണ്. പിന്നീട് സ്ത്രീധനത്തെക്കുറിച്ചും അതിന്റെ നിയമ വശങളെക്കുറിച്ചും സംസാരിച്ച ഒരു വക്കീല്‍ ചേച്ചിയോട് “ചേച്ചി കല്യാണം കഴിച്ചോ‍? എന്തു ത്രീധനം കിട്ടി(കൊടുത്തു)?” എന്ന ചോദ്യവും അവരുടെ പരുങലും ചിരിയില്‍ ഒതുങിയ മറുപടിയും ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.

തീവ്രനിലപാടുകാരോട് പറയാനുള്ളത് ഒന്നുമാത്രം “ആദ്യം സ്വവര്‍ഗ്ഗത്തിനു അതൊന്നു മനസ്സിലാക്കിക്കൊടുക്കു, അവര്‍ക്കു മനസ്സിലാകാത്തതു പാവം എതിര്‍ മനസ്സുകള്‍ക്കെങനെ മനസ്സിലാകും?”. സാമാന്യ സ്ത്രീജനങള്‍ക്ക് ഭൂരിപക്ഷമുള്ള സദസ്സ് ഇവരെ തള്ളിക്കളയും എന്നു അതോടെ ഉറപ്പായി.

ചിലരുടെ പുരുഷ വിദ്വേഷമായിപ്പോയി ഫെമിനിസത്തിന്റെ മൂലതന്തു. അതുകൊണ്ട്തന്നെ അവര്‍ എന്തെഴുതിയാലും കുറ്റങ്ങള്‍ പുരുഷനില്‍ മാത്രമാവും കാണുക. ജിഷക്കും പറ്റിയതു അതാവും.

പിന്നെ സ്വവര്‍ഗ്ഗ രതി. പോങ്ങൂസിന്റെ മക്കള്‍ക്കു പോങ്ങൂസ് ആഗ്രഹിച്ചില്ലേലും കുറച്ചൊക്കെ താങ്കളുടെ ഗുണമുണ്ടാവും. എന്നാല്‍ സ്വ.രതിമാത്രമുള്ളാള്‍ക്കാര്‍ക്കു ആഗ്രഹിച്ചാലും അതു നടക്കില്ലല്ലോ. അവരെ സ്വസ്തമായി അവരുടെ വഴിക്കു വിട്ടാല്‍ അതോടെ (ആ ജന്മത്തോടെ) ആ പ്രശ്നം പരിഹരിക്കപ്പെടില്ലേ? സാമൂഹ്യ മൂല്യച്യുതിയാണ് പ്രശ്നമെങ്കില്‍, ഇവിടെ ഇപ്പോള്‍തന്നെ അതിന്നു കുറവൊന്നുമില്ലല്ലോ?

വിഷയാവതരണം ഇഷ്ടപ്പെട്ടു. സ്വരച്ചേര്‍ച്ചയില്ലായ്മ വെളിവാക്കാനിട്ട കഥയും പെരുത്തിഷ്ടമായി.

Tuesday, July 21, 2009

മൂല്യങ്ങളില്ലാത്ത മാധ്യമങ്ങള്‍

പോങ്ങുമ്മൂടന്റെ "നേടുന്ന കോടിയിൽ, കോടുന്ന ബന്ധങ്ങൾ !" എന്ന പോസ്റ്റിലിട്ട മറുപടി

“ടീമിനോളമേ ക്യാപ്റ്റനും നന്നാവൂ”, “ജനതയോളമേ ഭരണാധികാരിയും നന്നാവൂ” എന്നൊക്കെ പറയാറില്ലെ? മാധ്യമങളുടെ കാര്യവും അങനെതന്നെ. ജനങള്‍ ഇഷ്ടപ്പെടുന്നതിനെ അവര്‍ വിളമ്പുന്നു. ജനസമ്മതി എന്ന ഒന്നാണല്ലോ ഇവയൊക്കെ നിലനിന്നു പോകുന്നതിന്നും മറ്റു ചാനലുകളിലേക്കു വ്യാപിക്കുന്നതിന്നും കാരണം. ഏകഭാര്യ/ഭര്‍ത്താവുയുമായി മരണംവരെ ജീവിക്കണമെന്ന മൂല്യം ഉള്ളിലുള്ളവന്നു ഇതൊരു മോശം പ്രോഗ്രാം ആണ്. അങനെയല്ലാത്തവനൊ?

ഇതിന്റെ ഒറിജിനല്‍ ഒരു ഇംഗ്ലീഷ് ചാനല്‍ പരിപാടി ഉണ്ടെന്നു ഒരു കൂട്ടുകാരന്‍ പറഞു. അവിടെ ജീവിതകാലം മുഴുവന്‍ ഒരാളുടെ കൂടെ ജീവിക്കുന്ന പരിപാടി ഒന്നുമില്ലല്ലോ? നമ്മുടെ സംസ്കാരത്തിന്നു മേലേക്കുള്ള അധിനിവേശങള്‍ക്കു ഒരു പാതകൂടി. ബന്ധങളെക്കാള്‍,മൂല്യങളെക്കാള്‍ വില കാശിനുണ്ടെന്നു തോന്നുന്നവന്ന് ഇതിലെന്ത് കുഴപ്പം.

കൊച്ചുകൊച്ചു കള്ളങ്ങളും, അതിനേക്കാള്‍ കൂടുതല്‍ മൌനങ്ങളുമായിട്ടാണ് ജീവിതം നാം മുന്നോട്ടു കൊണ്ടുപോകുന്നതു.ചിലതു കണ്ടിട്ടും കാണാതെയും, പലതും കേട്ടിട്ടും കേള്‍ക്കാതെയും......

നല്ല വിഷയം. നല്ല ചര്‍ച്ച. ആശംസകള്‍

Wednesday, April 29, 2009

വസ്ത്രധാരണവും തീവ്രവാദവും

ശ്രീ. ടി.സി. രാജേഷിന്റെ “മതഭീകരന്‍മാര്‍ ഉണ്ടാകുന്നത്‌” എന്ന പോസ്റ്റിനിട്ട കമന്റ്.

"തീവ്രവാദത്തിന്‌ മതമോ രാഷ്‌ട്രീയമോ ഇല്ല. അസഹിഷ്‌ണുതയുടെ മതമാണ്‌ തീവ്രവാദം." - ഇതാണ് താങ്കളുടെ പോസ്റ്റിന്റെ തുടക്കം.

ഒടുവിലെത്തുമ്പോള്‍ താങ്കള്‍ക്കും പലതിനോടും അസഹിഷ്ണുതയുള്ളതുപോലെ തോന്നുന്നു. മറ്റുള്ളവരുടെ മത ചിഹ്നങള്‍ കാണുമ്പോളസഹിഷ്ണുത ഉണ്ടാവാന്‍ പാടില്ല. പ്രത്യേകിച്ചും ഒരു ഭാരതീയനു. കാരണം അവന്‍ വിവിധ മതക്കാരെയും വേഷക്കാരെയും ജാതിക്കാരെയും ഭാഷക്കാരയുമൊക്കെ കണ്ടുവളരുന്നവനാണ്. നമുക്കു മറ്റുള്ളവന്റെ അടയാളങളില്‍ അസഹിഷ്ണുത തോന്നിത്തുടങിയാല്‍ ലോകത്തു മറ്റ് ഏതു നാട്ടിലുള്ളവനാണ് സഹിഷ്ണുതയോടെ വര്‍ത്തിക്കാനാവുക?

ഒരു സ്വാമിയുടെയോ അഛന്റെയോ നീണ്ടുവളര്‍ന്ന താടിയും, ഇടത്തോട്ടോ വലത്തോട്ടോ (അവര്‍ക്കു ഇഷ്ടമുള്ളതുപോലെ)ഉടുത്ത കാവിയോ കറുത്തതോ വെളുത്തതോ ആയ മുണ്ടും, കന്യാസ്ത്രീയുടെ- പര്‍ദ്ധക്കു സമാനമായ വിശുദ്ധ വസ്ത്രവും നമ്മെ ഭീതിപ്പെടുത്തുന്നില്ലെങ്കില്‍ മുസ്ലിമിന്റെ വസ്ത്രധാരണത്തില്‍ ഭീതി കണ്ടെത്തുന്നതു ശരിയല്ല. അതുകൊണ്ട് തന്നെ യദാര്‍ത്ഥത്തില്‍ മുസ്ലിമിന്റെ വസ്ത്രധാരണമേയല്ല പ്രശ്നം.

മുസ്ലിമും അവരുടെ ആശയങളുമാണ് സകല പ്രശ്നങളുടെയും ഉറവിടം എന്ന രീതിയില്‍ ഇവിടെ വരുത്തിക്കൊണ്ടിരിക്കുന്ന ഒരു മാനസിക-മസ്തിഷ്കാധിനിവേശം വിജയം കാണുന്നതായാണ് മനസ്സിലാകുന്നതു. അതിന്നു തെളിവാണ് ഒരു മസ്ജിദ് തകര്‍ത്താല്‍ ഭാരതം ഭരിക്കാന്‍ കഴിയുന്നതും‍, മുസ്ലിം വംശീയഉന്മൂലനം നടത്തിയാല്‍ സംസ്ഥാനത്തു സ്ഥിരഭരണം ലഭ്യമാകുന്നതുമൊക്കെ. അവക്കു വളം വെക്കുന്ന രീതിയില്‍ ചില പ്രവര്‍ത്തനങള്‍ മുസ്ലിം നാമധാരികളില്‍ നിന്നും ഉണ്ടാവുന്നുണ്ട് എന്നതു വിസ്മരിക്കുന്നില്ല. ഞാന്‍ ചൂണ്ടിക്കാണിച്ച വസ്തുതകള്‍ സാമാന്യ മുസ്ലിം ജനതയില്‍ ഭീതിയും അരക്ഷിതാ‍ബോധവും വളര്‍ത്തിയിട്ടുണ്ട്. അവ അവരെ മതത്തിനുള്ളിലേക്കു ചുരുങാനും ‘മൌലികമതത്തെ‘ സംരക്ഷിക്കാനും നിര്‍ബന്ധിതരാക്കുന്നുമുണ്ട്.

കയ്യുള്ള ബനിയനും, തൊപ്പിവെച്ച മൊട്ടത്തലയും, താടിയുമായിരുന്നു പഴയകാലത്തെ മുസ്ലിംങളില്‍ ചിലരുടെ വേഷം. ഇപ്പോള്‍ കാലം മാറി. ചിലര്‍ പാശ്ചാത്യ വസ്ത്രധാരണത്തിലേക്കു മാറിയപ്പോള്‍ മറ്റു ചിലര്‍ വടക്കേയിന്ത്യന്‍-പാക്-അഫ്ഗാന്‍-ഇറാന്‍ വേഷങളിലേക്കു മാറി എന്നു കരുതിയാല്‍ മതി. ഏതു ചൂടത്തും കോട്ടിട്ടു ടൈ കെട്ടി നടക്കുന്നവര്‍ക്കു, സ്ത്രീ എല്ലാം മറക്കുന്ന ഒരു വസ്ത്രം ധരിച്ചാല്‍ അവകാശത്തിന്മേലുള്ള കൈകടത്തലായി തോന്നാന്‍ പാടില്ലാത്തതാണ്.

നിര്‍ത്തുന്നു. വിഷയം ചര്‍ച്ചക്കു വെച്ചതില്‍ നന്ദി.....

Monday, April 27, 2009

പാകിസ്ഥാന്റെ തകര്‍ച്ച

ശ്രീ. കെ.പി. സുകുമാരന്റെ ശിഥില ചിന്തകള്‍ എന്ന ബ്ലോഗില്‍ “പാകിസ്ഥാന്‍ പടുകുഴിയിലേക്കു?” എന്ന പോസ്റ്റിനിട്ട കമന്റ്. ഇങനെ ഒരു ബ്ലോഗിന്റെ ആശയം പകര്‍ത്തിയതും അദ്ദേഹത്തില്‍ നിന്നു തന്നെ.

പാകിസ്ഥാനെന്ന രാഷ്ട്രത്തിന്റെ തകര്‍ച്ചയും അസ്വസ്തതകളും ഇന്ത്യയെ ബാധിക്കുമെന്നുള്ളതു സത്യമാണ്. അങനെ സര്‍വ്വമേഖലകളിലും തകരുന്ന ഒരു രാഷ്ടത്തിന്റെ ശൃഷ്ടിയില്‍ നമുക്കു ഒരു പങ്കുമില്ലേ? തീര്‍ച്ചയായും പാകിസ്ഥാനില്‍ ഇന്ത്യാവിരുദ്ധവികാരം ശക്തമായി നില നില്‍ക്കുന്നുണ്ടാവും. ഇന്നും ഒരു രാജ്യം എന്നനിലയില്‍ അതിനെ തകര്‍ന്നടിയാതെ(?) നിര്‍ത്തുന്നതും, മിസൈല്‍‌-ആണവരംഗങളിലെവരെ ആ രാജ്യത്തിന്റെ ഉയര്‍ച്ചകള്‍ക്കും(അതോ താഴ്ചയോ?) കാരണം അതുതന്നെയാകാതെ വഴിയില്ല. നമ്മള്‍ ‘നാനാത്വത്തിലെ ഏകത്വം’ എന്നു വിശേഷിപ്പിക്കുന്ന ഭാരതം എന്നവികാരം പോലെയൊന്നു, എല്ലാ പ്രതിസന്ധികളിലും പാകിസ്ഥാനെ ഒന്നിപ്പിക്കുന്ന ഒന്നു ഒരുപക്ഷെ ‘ഇന്ത്യാ വിരുദ്ധവികാരം’ ആയിരിക്കും.

ഒരു വലിയ വിഭാഗത്തിനു നമ്മില്‍ നിന്നു വേറിട്ടുപോകാന്‍ മതിയായ അവരുടേതായ കാരണങള്‍ ഉണ്ടായിരിക്കണമല്ലോ? വെറുപ്പോ, ഭയമോ, അടിച്ചമര്‍ത്തലുകളോ, അങനെയെന്തെങ്കിലുമൊക്കെ കാരണങള്‍. ആ‍ കാരണങളില്‍ പലതും നിലനില്‍ക്കുന്നുണ്ടാവും. പിന്നെ നമ്മളുടെ നാടിന്റെ അഞ്ചിലൊന്നുമാത്രം വരുന്ന പ്രദേശം, പലകാരണങളാല്‍ വിഭജിക്കപ്പെട്ടുവന്ന നാട്, നമ്മുടെ ശക്തിയാല്‍ വീണ്ടും വിഭജിക്കപ്പെട്ട നാട്, ജനിച്ചപ്പോള്‍ തന്നെ ശത്രുവെന്നു മുദ്രകുത്തിയ അയല്‍‌രാജ്യം, ഒരിക്കലും അവസാനിക്കാത്ത അതിര്‍ത്തി തര്‍ക്കങള്‍, നമ്മുടെ ഭീമമായ പ്രതിരോധബജറ്റും എല്ലാരംഗങളിലുമുള്ള ഉയര്‍ച്ചയും.... ഇങനെയിങനെ അസൂയയും ഭയവും ചേര്‍ന്ന എത്രയെത്ര കാരണങളുണ്ട് ആ രാജ്യത്തിനു തകര്‍ന്നടിയാന്‍. ഒരു വ്യക്തിക്കു തന്റെ അയല്‍ക്കാരനോട് ഇത്രമാത്രം ഭയവും അസൂയയുമുണ്ടെങ്കില്‍ അവനു രക്ഷപെടാന്‍ കഴിയുമോ??

ലോകം ഇന്നു വളരെ ചെറുതാണ്. ലോകത്തിലെ ഏതൊരു സ്പ‌ന്ദനവും എല്ലാ സമൂഹത്തേയും ബാധിക്കും. ശ്രീലങ്കയിലെ അസ്വസ്ഥതകള്‍ നമ്മുടെ നാടിനെ പലപ്പോഴും ഉലച്ചിട്ടില്ലേ? അതുപോലെ പാകിസ്ഥാനും, ചൈനയും, അഫ്ഗാനും, ബംഗ്ലാദേശുമെല്ലാം നമ്മെ ബാധിക്കും. എന്നുവെച്ചു നമുക്കു അവയെ തകര്‍ത്തു സുരക്ഷിതത്വം നേടാമെന്നു കരുതുന്നതു വ്യാമോഹം മാത്രമാണ്.

താലിബാനിസം പോലുള്ള മതാന്ധതകളെ മൌലികവാദം എന്നല്ല പറയേണ്ടതു. ഇസ്ലാമിന്റെ മൌലികതയില്‍ മനുഷ്യത്തരഹിതമായതൊന്നുമില്ല എന്നറിയുക. അകാരണമായി ഒരുവനെ വധിക്കുന്നവന്‍ ഈ മനുഷ്യകുലത്തെ മുഴുവന്‍ വധിച്ചവനാണ് എന്നാണിസ്ലാമിക കാഴ്ചപ്പാട്. അത്തരം നീചപ്രവര്‍ത്തികളെ ഇസ്ലാമിക സമൂഹം അംഗീകരിക്കുന്നുമില്ല. പലപ്പോഴും ആ വക പ്രവര്‍ത്തികളെ മൌലിക ഇസ്ലാമിന്റെ പേരില്‍ എഴുതണമെന്നു പലര്‍ക്കും നിര്‍ബന്ധമുണ്ടെന്നു മാത്രം.

പിന്നെ, പലര്‍ക്കും മദ്രസ്സകളോട് ഒരു പുച്ഛമനോഭാവം ഉണ്ടെന്നു തോന്നുന്നു. അവിടെ അന്യമതസ്ഥരോട് വിദ്വേഷം പഠിപ്പിക്കലാണ് പരിപാടി എന്നു താങ്കള്‍ ധരിച്ചു വെച്ചിട്ടുണ്ടെങ്കില്‍ അതുവളരെ തെറ്റാണ്. പാകിസ്ഥാനില്‍ എങനെയാണെന്നു അറിയില്ല. ഇവിടെ അങനെയല്ല. ഒരു വിദ്യാഭ്യാസവും കടന്നു ചെല്ലാത്ത നാടുകളും സമൂഹങളും ഇന്നും ഇന്ത്യയില്‍ ഉണ്ടാകും. എന്നാല്‍ മുസ്ലിംങളെപ്പോലെ ഇത്രയേറെ സാക്ഷരതയുള്ള (ഏതെങ്കിലും ഭാഷയില്‍ അക്ഷരം എഴുതാനും വായിക്കാനും അറിയാവുന്ന) സമൂഹങള്‍ ലോകത്തു വിരളമല്ലേ?

മദ്രസ്സാ വിദ്യാഭ്യാസവും മതപഠനവും കാര്യമായി നടന്ന സമൂഹത്തില്‍ നിന്നാണ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലേക്കും, മറ്റ് അനീതികള്‍ക്കെതിരേയും മുസ്ലീംങളെ അണിനിരത്താന്‍ കഴിഞ്ഞതു. അവക്കു നേതൃത്വം കൊടുക്കാന്‍ മതപണ്ഡിതരും ഉണ്ടായിരുന്നു. ഏതു മതപഠനവും ചില മൂല്യങളും നന്മകളുമാണ് പഠിപ്പിക്കുക. പുറത്തുനിന്നിട്ടു ‘അവിടെ അതായിരിക്കും, അല്ലെങ്കില്‍ ഇതായിരിക്കും പഠിപ്പിക്കുക’ എന്ന ഊഹാപോഹങള്‍ നല്ലതല്ല. പ്രത്യേകിച്ചും നമ്മളെപ്പോലെയുള്ള ബഹുസ്വര സമൂഹത്തില്‍.

മതം പഠിച്ചിട്ടും പഠിക്കാതെയും വഴി തെറ്റിപ്പോകുന്നവരുണ്ടാകും. ചില പ്യൂണും മന്ത്രിമാരും കൈക്കൂലി വാങിക്കുന്നതുപോലെ ഒരു സോഷ്യലിസം. കൈക്കൂലി കൊടുത്താലും വാങ്ങാത്ത പ്യൂണ്മാരില്‍ ഭൂരിഭാഗത്തെ ശൃഷ്ടിക്കുന്നതും മതമായിരിക്കും എന്നാണെന്റെ വിശ്വാസം. ശരിതെറ്റുകളെ വേര്‍തിരിച്ചു പഠിപ്പിച്ചു നല്‍കുന്നതും, കടമകളെക്കുറിച്ചു പറഞുതരുന്നതും മതപഠനങളും സംസ്കാരവുമാണ്‍്. അവയില്‍ തന്നെ ദൈവവിശ്വാസമായിരിക്കും എല്ലാ സാഹചര്യവും ഒത്തുവന്നാലും പ്രലോഭനങളില്‍ വീഴാതെ തെറ്റുകളില്‍ നിന്നും തടുത്തു നിര്‍ത്തുക. ഒപ്പം ശരി ചെയ്യാന്‍ ശക്തി നല്‍കുന്നതും അതാവും. അല്ലാതെ ഭൌതിക വിദ്യാഭ്യാസങളല്ലതന്നെ.

പിന്നെ മദ്രസ്സ വിദ്യാഭ്യാസത്തെക്കുറിച്ചു അറിയാന്‍ ഈ പോസ്റ്റൊന്നു നോക്കൂ..http://vyathakal.blogspot.com/2009/02/blog-post_03.html

ലോകത്തെല്ലാം ശാന്തിയുണ്ടാവട്ടെയെന്നു ഞാനും ആശിക്കുന്നു...