Thursday, October 21, 2010

ചര്‍ച്ച: പെട്രോളിന്റെ വില വര്‍ദ്ധനയും പ്രത്യാഘാതങ്ങളും

മുള്ളൂക്കാരന്റെ ഗൂഗിള്‍ ബസ്സിലെ വിഷയവും ചര്‍ച്ചയും

വിഷയം:ഇടതു ഭരണത്തില്‍ വിലക്കയറ്റം എന്നൊക്കെ വിളിച്ചു കരഞ്ഞു വാള് വെക്കുന്നവന്മാരും പാവങ്ങള്‍ക്ക് വേണ്ടി മാത്രം ബസ്സും ബ്ലോഗും എഴുതുന്നവന്മാരും എവിടെടെ... എല്ലാവനും വെള്ളെഴുത്ത് ബാധിച്ചോ?

യുപിഎ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ 47.03 രൂപയായിരുന്ന പെട്രോളിന് ഇപ്പോള്‍ 57.71 രൂപയായി. ജൂണ്‍ 25നാണ് പെടോളിന്റെ വിലനിയന്ത്രണ സംവിധാനം കേന്ദ്ര സര്‍ക്കാര്‍ എടുത്തുമാറ്റിയത്. ഈ ഘട്ടത്തില്‍ തന്നെ പെട്രോള്‍വില 3.50 പൈസ വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ച പെട്രോളിന് കൊച്ചിയില്‍ 77 പൈസയാണ് ഐഒസി വര്‍ധിപ്പിച്ചത്. ഭാരത് പെട്രോളിയം വെള്ളിയാഴ്ച മുതല്‍ 70 പൈസ കൂട്ടിയിരുന്നു. വിലനിയന്ത്രണം എടുത്തുകളഞ്ഞശേഷം അഞ്ചാംതവണയാണ് ഐഒസി വില വര്‍ധിപ്പിക്കുന്നത്. ഒരുമാസത്തിനിടെ രണ്ടാം തവണയും. കഴിഞ്ഞമാസം 16ന് എണ്ണക്കമ്പനികള്‍ പെട്രോളിന് ലിറ്ററിന് 29 പൈസയും ഡീസലിന് 23 പൈസയും കൂട്ടിയിരുന്നു. അന്താരാഷ്ട്രവിപണിയില്‍ പെട്രോള്‍വിലയില്‍ മാറ്റമൊന്നും ഇല്ലാതിരിക്കെയാണ് പുതിയ വര്‍ധന.

ഇടതു ആഭിമുഖ്യമുള്ളവര്‍ കാര്യ കാരണ സഹിതം വിശദമായി എഴുതുന്നതില്‍ അസ്ക്യതയുള്ള കുറെ ഏമാന്മാരെ ഈയിടെയായി ബസ്സിലും ബ്ലോഗിലുമൊക്കെ കണ്ടാരുന്നു. പാവപ്പെട്ടവര്‍ക്ക് വേണ്ടി മാത്രം സങ്കടപ്പെടുന്ന കുറെ ദീന ദയാലുക്കളെയും കുറച്ചു നാളായി കാണുന്നു. ഇന്ധനവില കൂടുന്നത് വിലക്കയറ്റത്തെ ഏറ്റവം കൂടുതല്‍ സ്വാധീനിക്കുന്ന ഒരു ഘടകം ആണെന്നത് അറിയാഞ്ഞിട്ടല്ലല്ലോ ഈ എമാന്മാര്‍ക്കൊന്നും. എന്തേ പാവങ്ങളുടെ പടത്തലവന്മാര്‍ ഒന്നും മിണ്ടാത്തത്?? അതോ ഇതൊക്കെ കേന്ത്രത്തിന്റെ ഭരണ നേട്ടമാണെന്നും, കേരള ഗവണ്മെന്റിന്റെ കഴിവുകേടാണെന്നും ആണോ ആവോ?


ചര്‍ച്ചയില്‍ നിന്നും

പഥികന്‍ : പെട്രോളും ഡീസലുമൊക്കെ മറ്റുരാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യേണ്ട, നമുക്കു ഉണ്ടാക്കിയെടുക്കാന്‍ കഴിയാത്ത സാധനങ്ങളാണ്. കൂടുതലും ഇറക്കുമതി ചെയ്യുന്നതും, പ്രോസസ് ചെയ്യുന്നതും, വിതരണം ചെയ്യുന്നതും ഗവണ്മെന്റ് നിയന്ത്രണത്തിലുള്ള കമ്പനികള്‍ തന്നെയും. കൂടിയ വിലക്കു വാങ്ങി കുറഞ്ഞവിലക്കു വിറ്റു നഷ്ടം നേടുന്നതു നമ്മുടെ സര്‍ക്കാര്‍ തന്നെയാണെന്നതാണ് സത്യം. വിലക്കയറ്റം കുറക്കാന്‍ എന്തിനു പെട്രോളിനു സബ്സിഡി നല്‍കണം. അവശ്യ സാധനങ്ങള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കുള്ള പെട്രോളിനുമാത്രം അതു നല്‍കിയാല്‍ പോരെ? അതുമല്ലെങ്കില്‍ അവശ്യ സാധനങ്ങള്‍ക്കുമാത്രം സബ്സിഡി നല്‍കിയാല്‍ പോരെ? നടക്കാവുന്ന ദൂരം പോലും പെട്രോളുകത്തിച്ചേ പോകൂവെന്നു നിര്‍ബന്ധം പിടിക്കുന്നവനു പെട്രോള്‍ വില സര്‍ക്കാര്‍ ചിലവില്‍ കുറച്ചു നല്‍കേണ്ടതുണ്ടോ? ഇല്ല. ഒന്നാമതായി മിതമായ ഭക്ഷണമെങ്കിലും ഉറപ്പായി പാവങ്ങള്‍ക്കു ലഭിക്കണം. രണ്ടാമതായി ജീവിക്കാനാവശ്യമായ തൊഴില്‍ കിട്ടണം. ആദ്യത്തേതിനു ഭക്ഷ്യ സുരക്ഷാ പദ്ധതിയും രണ്ടാമത്തേതിനു തൊഴിലുറപ്പു പദ്ധതിയും നിലവില്‍ വന്നിരിക്കുന്നു.

ഇനി നമുക്കു ചെയ്യാനുള്ളതു ഭക്ഷ്യ വസ്തുക്കള്‍ ആവശ്യത്തിനു ഉല്പാദിപ്പിക്കുക എന്നുള്ളതാണ്. അതിവിടെത്തന്നെ ചെയ്യാന്‍ കഴിയുന്നതാണു താനും.


PRAVEEN (പ്രവീണ്‍ ): @ പഥികന്‍
പോയ വര്‍ഷം ഐ ഒ സി യുടെ ലാഭം 10,998 കോടി...!!!! 65,000 കോടി രൂപ മതിക്കുന്ന പുതിയ പദ്ധതികള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണെന്ന്‍ വാര്‍ഷിക റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നു..!!!! ‘ഗ്ലോബല്‍ 500’ പട്ടികയിലെ ഒന്നാം നമ്പര്‍ ഇന്ത്യന്‍ കമ്പനിയായ ഐ ഒ സിയും അത്രത്തോളമില്ലെങ്കിലും മുവ്വായിരത്തോളം കോടി ലാഭമുള്ള മറ്റു കമ്പനികളും ഇത്രേം വല്യ ‘നഷ്ട‘വും സഹിച്ചാണ് നമ്മളെയൊക്കെ ‘സേവിക്കുന്ന’തെന്ന് ഇപ്പോഴാണ് മനസ്സിലായത്..!!!

സര്‍ക്കാര്‍ സബ്സിഡിയുടെ കാര്യം..!!! പോയ വര്‍ഷം പെട്രോളിന്റെയും ഡീസലിന്റ്റെയും നികുതിയായി കേന്ദ്ര സര്‍ക്കാര്‍ മാത്രം 1,20.000 കോടിയോളമാണ്.. ‘സബ്സിഡി’ നല്‍കിയത് വെറും 53,000 കോടി.. ഇതിലെവിടെയാണ് നഷ്ടം? സര്‍ക്കാരിനും കമ്പനികള്‍ക്കും നഷ്ടമില്ലെങ്കില്‍ പിന്നാര്‍ക്കാണ് നഷ്ടം? ഉള്ള ശതകോടികള്‍ പത്തിരട്ടിയാക്കാന്‍ കച്ചവടം തുടങ്ങിയ മുകേഷ് അംബാനിയുടെ റിലയന്‍സിന്..!! അതു നികത്താ‍ന്‍ രാജ്യത്തെ ജനമൊന്നടങ്കം അനുഭവിക്കണം..!!!!!

ഭക്ഷ്യ സുരക്ഷാ പദ്ധതിയും തൊഴിലുറപ്പു പദ്ധതിയും മാത്രം മതി ജനങ്ങള്‍ക്കെന്നു പറയുന്നത് ഇരുട്ടുകൊണ്ട് ഓട്ടയടക്കലാണ്.. തൊഴിലുറപ്പു പദ്ധതിയില്‍ ഒരു ദിവസത്തെ വേതനം 150 രൂപയില്‍ താഴെയാണ്.. ഒരു വര്‍ഷത്തില്‍ നൂറു തൊഴില്‍ ദിനങ്ങള്‍ മാത്രം.. ഇതു കൊണ്ട് മാത്രം താങ്കള്‍ക്ക് ജീവിക്കാനാകുമോ? ഇപ്പോഴുള്ള ജോലി കളഞ്ഞിതിനു പോകുമോ? രാജ്യത്തെ ദരിദ്രരെ ദരിദ്രരായി നിലനിര്‍ത്താന്‍ മാത്രം ഉപകരിക്കുന്ന കുറെ പദ്ധതികള്‍...!!!!

ഇതിനിടയില്‍ വരുന്ന മിഡില്‍ ക്ലാസുകാരോ? അവര്‍ക്കൊന്നും ജീവിക്കേണ്ടേ?

വിലക്കയറ്റം കൂട്ടാന്‍ മാത്രം ഉപകരിക്കുന്നൊരു നടപടിയെടൂത്തിട്ട് അതിനു പകരം സബ്സിഡി നല്‍കണമെന്ന് പറയുമ്പോള്‍, ഒരു ലക്ഷം കോടിയിലധികം നികുതിയായി പിരിച്ചെടൂക്കുന്ന സര്‍ക്കാരിനും പതിനായിരം കോടീയിലധികം ലാഭമുണ്ടാക്കുന്ന പൊതുമേഖലാ കമ്പനികള്‍ക്കും ഈ നാട്ടിലെ ജനങ്ങളോട് യാതൊരും ഉത്തരവാദിത്വവുമില്ലേ..? എങ്കില്‍ പിന്നെ ഈ നികുതി പിരിക്കാനെന്തവകാശം? അത് ഒഴിവാക്കിയാല്‍ത്തന്നെ പകുതി വില കുറയും...!! അതിനു ശേഷം കമ്പനികള്‍ അന്താരാഷ്ട്ര വിലയുടെ കാര്യം പറഞ്ഞാല്‍ മനസ്സിലാകും..!!!!

SreeRavanan Kuwait: നികുതി പിരികുന്നത് '''COMMENWELTH ''' ഇനു വേണ്ടി അറിയില്ലേ

പഥികന്‍ : പ്രവീണ്‍,
എല്ലാ കാര്യങ്ങളും ഗവണ്മെന്റിനു തന്നെ ചെയ്യാനാവാത്തതു കൊണ്ടാണ് നമ്മുടെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ വരെ സ്വകാര്യ വത്കരണത്തെ പ്രോത്സാഹിപ്പിക്കുന്നതു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭം രാജ്യത്തിന്റെ ലാഭമാണ്. സ്വകാര്യ സംരംഭത്തില്‍ നിന്നും ടാക്സായും മറ്റും രാജ്യത്തിനു നല്ലൊരു വരുമാനമുണ്ട്. ശതകോടികള്‍ കയ്യിലുള്ളവന്‍ എന്തെങ്കിലും ചെയ്താലെ അതില്‍ നിന്നും രാജ്യത്തിനു എന്തെങ്കിലും ലഭിക്കൂ. കയ്യില്‍ കാശ് വരുന്നവനെയെല്ലാം നാം എതിര്‍ക്കുന്നതു ശരിയാണോ? ഒരു വ്യവസ്ഥക്കുള്ളില്‍ നിന്നും നമുക്കൊപ്പം മറ്റൊരുവന്‍ കൂടി ലാഭമുണ്ടാക്കിയാല്‍ അതില്‍ എന്താണു കുഴപ്പം?

സര്‍ക്കാര്‍ നേടുന്ന ലാഭത്തിന്റെ വിഹിതമാണ് സര്‍ക്കാര്‍ പദ്ധതികള്‍. ജീവന്‍ നിലനിര്‍ത്താന്‍ 3 രൂപക്കു ഒരു കിലോ അരി കൊടുക്കേണ്ടിവരുന്നതു കോടിക്കണക്കിനാള്‍ക്കാര്‍ക്കാണ്. അവര്‍ക്കു 100 ദിവസം 150/- രൂപക്കു ഉറപ്പായി ജോലി കിട്ടുന്നതു പോലും അവരുടെ സ്വപ്നത്തിനടുത്താണ്. കേരളത്തിലെ ഇടത്തരക്കാരനു പോലും അതുകൊണ്ട് സുഖമായി കഴിയാനാവില്ലായിരിക്കും. പക്ഷെ അത് വലിയ ഒരാശ്രയമായി കാണുന്നവര്‍ നമ്മുടെ ചുറ്റുവട്ടങ്ങളില്‍ ഒരുപാടുണ്ടെന്നു മനസ്സിലാക്കാന്‍ പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്തവരുടെ ലിസ്റ്റൊന്നു നോക്കിയാല്‍ മതിയാവും. ഇന്ത്യയെന്ന ബൃഹത്തായ ദേശത്തു ഈ രണ്ട് പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കാന്‍ കഴിഞ്ഞാല്‍ ഉണ്ടാകുന്ന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ചെറുതാവില്ല. കാരണം ദാരിദ്ര്യ രേഖക്കു താഴെയുള്ളവന്റെ പ്രതി ശീര്‍ഷ വരുമാനം അതിനേക്കാള്‍ എത്രയോ തുച്ഛമാണ്.

ഞാന്‍ പറഞ്ഞതു, പെട്രോളിനും ഡീസലിനും മൊത്തത്തില്‍ സബ്സിഡി കൊടുക്കുന്നതിന്നു പകരം, ആവശ്യമായ ഇടങ്ങളില്‍ സബ്സിഡി കൊടുക്കണമെന്നാണ്. അതായതു അവശ്യ വസ്തുക്കള്‍ക്കും അവയുടെ ട്രാണ്‍സ്പോട്ടേഷനും. എന്തിനു ലക്ഷങ്ങളുടെ സ്വന്തം വാഹനങ്ങളില്‍ സഞ്ചരിക്കുന്നവനു ഇവ കുറച്ചു കൊടുക്കണം?

PRAVEEN (പ്രവീണ്‍ ): @ പഥികന്‍
പൊള്ളയായ വാദമുഖങ്ങള്‍ മാത്രമാണ് സര്‍ക്കാരിന്റെ ‘സേവന’ങ്ങളെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍..

നികുതിയായി പിരിച്ചെടൂക്കുന്നതിന്റെ നാലിലൊന്ന് അതേ ഉല്പന്നത്തിന് ‘സബ്സിഡി’യായി നല്‍കുന്നതിനെ മഹാത്യാഗമായി കാണുന്ന താങ്കള്‍ക്ക് റിലയന്‍സിലോ എസ്സാറിലോ ഓഹരിയുണ്ടോയെന്നൊരു ന്യായമായ സംശയം ബാക്കിയാകുന്നു..!!!

“ശതകോടികള്‍ കയ്യിലുള്ളവന്‍“ (അംബാനിമാര്‍) പല ബിസിനസുകളും ചെയ്യുന്നുണ്ട്.. പക്ഷേ അവര്‍ ‘വ്യവസ്ഥക്കു’ള്ളില്‍ നിന്ന് എന്തെങ്കിലും ചെയ്ത് അതില്‍ നിന്നും രാജ്യത്തിനു എന്തെങ്കിലും ലഭിക്കൂമ്പോള്‍, എന്നെപ്പോലെ ഒരു വാഹനം സ്വന്തമായൂള്ളവരെ നേരിട്ടും, വാഹനങ്ങളിലെത്തുന്ന പച്ചക്കറി-പലചരക്കു സാധനങ്ങളുടെ വിലയായി അല്ലാത്തവരെയുമെന്നു വേണ്ട, രാജ്യത്തെ 90 ശതമാനത്തിനും ദ്രോഹിക്കുന്നതിനാണോ, അതോ ഒന്നോ രണ്ടോ മുതലാളിമാരുടെ ലാഭത്തിനും അതു വഴി രാജ്യത്തിനു ‘എന്തെങ്കിലും ലഭിക്കുന്ന‘തിനാണോ ഒരു ജനാധിപത്യ സര്‍ക്കാര്‍ പരിഗണന നല്‍കേണ്ടത്..?
(പെട്രോള്‍ പമ്പുകള്‍ പൂട്ടിക്കിടന്ന, കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും അംബാനി ഇന്ത്യയിലെ കോടീശ്വരന്മാരില്‍ മുന്‍പില്‍ തുടരുന്നു..!!)

കേരളത്തെ പോലൊരു സംസ്ഥാനത്ത് ഇടത്തരക്കാരനു പോലും പ്രയോജനപ്പെടാത്തതെന്ന് താങ്കള്‍ തന്നെ സമ്മതിക്കുന്ന പദ്ധതികളെ ന്യായീകരിക്കുമ്പോള്‍, താങ്കള്‍ക്കു പിന്നെ ആരോടാണ് പ്രതിബദ്ധത?
(രാജ്യത്തോടാണെന്നു പറഞ്ഞു വിനീതനാകില്ലെന്നു പ്രതീക്ഷിക്കുന്നു..!!)

ലക്ഷങ്ങള്‍ വിലയുള്ളതും അതില്‍ താഴെയുള്ളതുമായ വാഹങ്ങള്‍ കേരളത്തില്‍ ഇടത്തരക്കാര്‍ തന്നെയാണ് കൂടൂതല്‍ ഉപയോഗിക്കുന്നത്.. സ്വന്തം ജോലി ആവശ്യങ്ങള്‍ക്കായി ദിവസേന ശരാശരി 50 കി.മി വരെ സഞ്ചരിക്കേണ്ടി വരുന്ന അവരെത്തന്നെയാണിതു കൂടൂതല്‍ ബാധിക്കുന്നതും...അതു രാജ്യത്തെ വികസനത്തിനു വേണ്ടിയാണെന്ന് സമാധാനിക്കാന്‍ നമ്മുടെ നാട്ടിലെ ആര്‍ക്കും കഴിയുമെന്നു തോന്നുന്നില്ല.. (രാജ്യത്തിന്റെ വികസനത്തിന്റെ പേരില്‍ കല്‍മാഡിമാര്‍ വികസിച്ചത് നമ്മള്‍ കണ്ടതല്ലേ?)
അതി സമ്പന്നര്‍ക്ക് മൈലേജ് കൂടൂതലുള്ളതും കുറഞ്ഞതുമായ ഒന്നിലധികം വാഹനങ്ങളുണ്ടാകും.. വില കൂട്ടിയാല്‍ അവര്‍ 10 കി മീ മൈലേജുള്ള സ്കോഡയില്‍ നിന്നിറങ്ങി 18 കി മീ മൈലേജുള്ള ടാറ്റ-ഹ്യുണ്ടായി-മാരുതി വാഹനങ്ങളിലേക്കു മാറും.. സ്വന്തം ജോലി ആവശ്യത്തിനു സമയത്ത് സൈറ്റിലെത്താന്‍ വേണ്ടി ഇരു ചക്ര വാഹനങ്ങളുപയോഗിക്കുന്ന സാധാരണക്കാരന് ജോലി ഉപേക്ഷിക്കുകയേ മാര്‍ഗമുണ്ടാകൂ.. അല്ലെങ്കില്‍ അതു അവന്‍ കൂലിയായി കൂട്ടി ചോദിക്കും..

@പെട്രോളിനും ഡീസലിനും മൊത്തത്തില്‍ സബ്സിഡി കൊടുക്കുന്നതിന്നു പകരം, ആവശ്യമായ ഇടങ്ങളില്‍ സബ്സിഡി കൊടുക്കണമെന്നാണ്. അതായതു അവശ്യ വസ്തുക്കള്‍ക്കും അവയുടെ ട്രാണ്‍സ്പോട്ടേഷനും

എവിടെയൊക്കെ സബ്സിഡി കൊടുക്കും..? അരിക്ക്? പച്ചക്കറിക്ക്? മേല്‍ പറഞ്ഞ ജോലിക്കാരന്? ബസ്-ഓട്ടൊ ഡ്രൈവര്‍മാര്‍ക്ക്?

എങ്കില്‍ പിന്നെ സബ്സിഡിക്കു വേണ്ടി ഒരു പുതിയ ഡിപ്പാര്‍ട്ടുമെന്റും അതിനു വേണ്ടി ലക്ഷക്കണക്കിനു ഉദ്യോഗസ്ഥരെയും കൂടി ഉണ്ടാക്കിയെടുക്കാം!!!!

ഇതിലൊക്കെ ലളിതമായൊരു കാര്യം,
അതായത് പിരിച്ചെടൂക്കുന്ന നികുതിയുടെ ഒരു ചെറിയ ഭാഗം, രാജ്യത്തെ ജനങ്ങളുടെ ഒന്നടങ്കം ക്ഷേമത്തെക്കരുതി സബ്സിഡിയായി സര്‍ക്കാര്‍ നല്‍കുന്നതാണോ താങ്കളുടെ അഭിപ്രായത്തില്‍ അക്ഷന്തവ്യമായ തെറ്റ്..?
‘സബ്സിഡി’ എന്ന വാക്കു പോലും ഈ സന്ദര്‍ഭത്തില്‍ യോജിക്കുമെന്നു തോന്നുന്നില്ല.. രാജ്യത്തെ ജനങ്ങള്‍ക്കൊന്നടങ്കം പ്രയോജനകരമായിരുന്ന, പെട്രോളിയം ഉല്പന്നങ്ങളുടെ സബ്സിഡി നിര്‍ത്തലാക്കി അതിനു പകരമായി, ജനക്ഷേമകരമായ എന്തു പദ്ധതിയാണ് സര്‍ക്കാര്‍ പുതുതായി നടപ്പിലാക്കിയത്, അല്ലെങ്കില്‍ നടപ്പിലാക്കാന്‍ പോകുന്നതെന്നു കൂടീ പറഞ്ഞൂ തന്നാല്‍ ഉപകാരമായിരുന്നു..!!!!

പഥികന്‍: എവിടെയൊക്കെ സബ്സിഡി കൊടുക്കും..? അരിക്ക്? പച്ചക്കറിക്ക്? മേല്‍ പറഞ്ഞ ജോലിക്കാരന്? ബസ്-ഓട്ടൊ ഡ്രൈവര്‍മാര്‍ക്ക്?

സൌദിയില്‍ കുബ്ബൂസ് എന്ന ആഹാര സാധനം സര്‍ക്കാര്‍ സബ്സിഡിയോടെ ഒരു ഫിക്സെഡ് വിലയില്‍ കിട്ടുമെന്നു കേട്ടിട്ടുണ്ട്. ഹോട്ടലുകളില്‍ അതു തീര്‍ച്ചയായും ഉണ്ടാവണമെന്നും (വിദേശത്തു പോയിട്ടില്ല, കേട്ടറിവാണ്. തെറ്റുണ്ടെങ്കില്‍ തിരുത്തുക). അതുപോലെ ഒരു വിഭവം (ആര്‍ഭാടത്തിനല്ല) നമുക്കും കുറഞ്ഞവിലയില്‍ ലഭ്യമാക്കണം. കപ്പയോ കഞ്ഞിയോ ആയാലും മതി.

പൊതു യാത്രാ സംവിധാനം കാര്യക്ഷമമാകാത്തതു കൊണ്ടാണ് നമ്മളൊക്കെ സ്വന്തം വാഹനങ്ങള്‍ കൂടുതലും ഉപയോഗിക്കുന്നതു. അതു കാര്യക്ഷമമാക്കിയാല്‍ നാട്ടിലെ പെട്രോള്‍ ഉപയോഗം തന്നെ ഒരുപാട് കുറക്കാം. സബ്സിഡി അതിനുമാത്രം മതിയാവുകയും ചെയ്യും.


പൊള്ളയായ വാദമുഖങ്ങള്‍ മാത്രമാണ് സര്‍ക്കാരിന്റെ ‘സേവന’ങ്ങളെപ്പറ്റിയുള്ള പരാമര്‍ശങ്ങള്
ഇതിനെന്താ ഞാന്‍ പറയുക. വീ.എസ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ സേവനങ്ങളും കേന്ദ്രത്തിന്റേതായി ഞാന്‍ പറഞ്ഞ നേട്ടങ്ങള്‍ പൊള്ളയായവയും :) ഭക്ഷ്യസുരക്ഷാ പദ്ധതിയും, തൊഴിലുറപ്പു പദ്ധതിയും, വിവരാവകാശ നിയമവും ഏതു കണ്ണിലൂടെ നോക്കിയാലും ജനസേവനങ്ങള്‍ തന്നെയാണ്. കുറ്റം പറയാനായി നമുക്കു, ഈ വിലക്കു പോലും അരിവാങ്ങാന്‍ കഴിയാത്തവരുണ്ടെന്നും, കിട്ടുന്നവര്‍ വളരെ കുറവാണെന്നും, സര്‍വത്ര അഴിമതിയാണെന്നുമൊക്കെ പറഞ്ഞു സമാധാനിക്കാം.

കേരളത്തെ പോലൊരു സംസ്ഥാനത്ത് ഇടത്തരക്കാരനു പോലും പ്രയോജനപ്പെടാത്തതെന്ന് താങ്കള്‍ തന്നെ സമ്മതിക്കുന്ന പദ്ധതികളെ ന്യായീകരിക്കുമ്പോള്‍, താങ്കള്‍ക്കു പിന്നെ ആരോടാണ് പ്രതിബദ്ധത?

“കേരളത്തിലെ ഇടത്തരക്കാരനു പോലും അതുകൊണ്ട് സുഖമായി കഴിയാനാവില്ലായിരിക്കും. പക്ഷെ അത് വലിയ ഒരാശ്രയമായി കാണുന്നവര്‍ നമ്മുടെ ചുറ്റുവട്ടങ്ങളില്‍ ഒരുപാടുണ്ടെന്നു മനസ്സിലാക്കാന്‍ പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്തവരുടെ ലിസ്റ്റൊന്നു നോക്കിയാല്‍ മതിയാവും.“ എന്നതിനെ ഈ വിധത്തില്‍ വ്യാഖ്യാനിച്ചതു ശരിയായൊ?

ഒന്നുകൂടി, പണക്കാരനെ വളര്‍ത്തുന്നതിനെയല്ല ഞാന്‍ അനുകൂലിച്ചതു. അവര്‍ പല ബിസിനസ്സുകളിലൂടെ വളര്‍ന്നു കൊണ്ടിരിക്കുന്നു. ഓഹരി വാങ്ങുന്നവനോ, പലിശയിടപാടു നടത്തുന്നവനോ അല്ല ഞാന്‍. എന്നാല്‍ പണമുണ്ടായ സഹജീവികള്‍ പിച്ചപ്പാത്രമെടുത്തു നടക്കണെമെന്നൊട്ടു മോഹിക്കുന്നുമില്ല. ഇവിടെ ബിസിനസ്സിലൂടെ പാര്‍ട്ടികള്‍ തന്നെ വളരുന്നില്ലേ? കാശെറിഞ്ഞു കാശുവാരുന്നവര്‍.

PRAVEEN (പ്രവീണ്‍ ): @ പഥികന്‍
ഞാന്‍ തൊഴിലുറപ്പു പദ്ധതിക്കോ, കേന്ദ്ര സര്‍ക്കാരിന്റെ മറ്റു ജനക്ഷേമ പദ്ധതികള്‍ക്കോ എതിരല്ല.. പെട്രോളിയം വില വര്‍ധനക്കും അതിനു നിരത്തുന്ന മുടന്തന്‍ ന്യായീകരണങ്ങളെയുമാണെതിര്‍ക്കുന്നത്....!!!
പക്ഷേ, ഇന്നാട്ടിലെ ബഹു ഭൂരിപക്ഷം ജനങ്ങളുടെയും കീശകാലിയാക്കുന്ന ഒരു അങ്ങേയറ്റം ജനദ്രോഹപരമായ നടപടീയെ ന്യായീകരിക്കാന്‍ താങ്കള്‍ കാണിക്കുന്ന അമിതോത്സാ‍ഹം എന്തിനാണെന്നാണ് ചോദിക്കുന്നത്..?
പെട്രോളിയം വില നിയന്ത്രണം എടുത്തു കളഞ്ഞതു കൊണ്ട് പ്രയോജനമുണ്ടായ ബഹുന്യൂനപക്ഷത്തിന്റെ താല്പര്യം ഇന്നാട്ടിലെ ജനങ്ങളുടെയൊന്നാകെ താല്പര്യത്തേക്കാള്‍ വലുതാണോ? സൌദിയിലെപ്പോലെ കുബ്ബൂസ് സബ്സിഡി നല്‍കി ലഭ്യമാക്കിയാല്‍, തീരുന്നതാണോ ബാക്കി സാധനങ്ങളുടെ വിലക്കയറ്റം..? സോപ്പ്, പേസ്റ്റ്, തുടങ്ങി സിമന്റ്, കമ്പി.., എല്ലാത്തിനും സബ്സിഡി നല്‍കുമോ..?


@പൊതു യാത്രാ സംവിധാനം കാര്യക്ഷമമാകാത്തതു കൊണ്ടാണ് നമ്മളൊക്കെ സ്വന്തം വാഹനങ്ങള്‍ കൂടുതലും ഉപയോഗിക്കുന്നതു. അതു കാര്യക്ഷമമാക്കിയാല്‍ നാട്ടിലെ പെട്രോള്‍ ഉപയോഗം തന്നെ ഒരുപാട് കുറക്കാം.

ഒരു 400 കൊല്ലം കഴിഞ്ഞാലും പ്രയോഗത്തില്‍ വരുത്താന്‍ സാധിക്കാത്ത ഇതു പോലുള്ള ഉട്ടോപ്പിയന്‍ ആശയങ്ങളെക്കാള്‍ എത്രയോ ലളിതവും ജനോപകാരവുമായിരുന്നൊരു നടപടി (പെട്രോളിയം സബ്സിഡി) താങ്കളെ അലോസരപ്പെടുത്തുന്നതെങ്ങനെയെന്നൊന്നു വിശദീകരിക്കാമോ..?

@എന്നാല്‍ പണമുണ്ടായ സഹജീവികള്‍ പിച്ചപ്പാത്രമെടുത്തു നടക്കണെമെന്നൊട്ടു മോഹിക്കുന്നുമില്ല.

പെട്രോള്‍ പമ്പുകള്‍ പൂട്ടിക്കിടന്ന, കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും ഇന്ത്യയിലെ കോടീശ്വരന്മാരില്‍ മുന്‍പില്‍ തുടരുന്ന അംബാനിയും പെട്രൊളീയം വ്യാപാരം നടത്തിയില്ലെങ്കിലും ഒരു ചുക്കും സംഭവിക്കാനില്ലാത്ത എസ്സാറും പോലുള്ള “സഹജീവികള്‍” “പിച്ചപ്പാത്രമെടുത്തു” നടന്നാലോ എന്ന ആശങ്കയാണ്,
ചുറ്റുപാടും ജീവിക്കുന്ന സഹജീവികളുടെ ബുദ്ധിമുട്ടിനേക്കാള്‍ വലുതെന്നു കരുതുന്ന സ്ഥിതിക്ക്,
നമോവാകം..!!!!!!!!!!!!!!!!!!!!!

“പണമുള്ള സഹജീവികളും” , ദാരിദ്ര്യ് രേഖക്കു താഴെയുള്ളവരുമല്ലാതെ, ഇതിനിടയില്‍ വരുന്ന ഇടത്തട്ടുകാര്‍, താങ്കളുടെ മധുര മനോഹര രാജ്യത്ത് ഒന്നും അര്‍ഹിക്കുന്നില്ലേ?
അതോ “പണമുള്ള സഹജീവി“കള്‍ക്ക് പണമുണ്ടാക്കാനും, ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ക്ക് സബ്സിഡീ നല്‍കാനും വേണ്ടി നികുതികള്‍ പിഴിഞ്ഞെടൂക്കാന്‍ മാത്രമുള്ളതാണോ രാജ്യത്തെ ഇടത്തട്ടുകാര്‍..?

പഥികന്‍ : ഞാന്‍ പറഞ്ഞതു ഇത്രമാത്രം, പെട്രോളിനും ഡീസലിനും മൊത്തത്തില്‍ സബ്സിഡി കൊടുക്കുന്നതിന്നു പകരം, ആവശ്യമായ ഇടങ്ങളില്‍ സബ്സിഡി കൊടുക്കണമെന്നാണ്. അതായതു അവശ്യ വസ്തുക്കള്‍ക്കും അവയുടെ ട്രാണ്‍സ്പോട്ടേഷനും. എന്നാല്‍ വലിയ വിലക്കയറ്റങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടേണ്ടിവരും.

ഇന്നു ലാഭമുള്ള നമ്മുടെ പൊതുമേഖലാ പെട്രോ സ്ഥാപനങ്ങള്‍, അന്താരാഷ്ട്ര വില ബാരല്ലിനു 140 ഡോളറിന്നു മുകളില്‍ വന്നകാലത്തു എത്രമാത്രം നഷ്ടത്തിലായിയെന്നു നാം ഓര്‍ക്കേണ്ടതുണ്ട്.വിപണിയില്‍ വലിയ വിലമാറ്റമില്ലാത്തതിനാല്‍ നാമൊക്കെ അപ്പൊഴും നിയന്ത്രണമില്ലാതെ വണ്ടിയോടിച്ചു കളിച്ചു കൊണ്ടിരുന്നു. ഇറക്കുമതി ചെയ്യുന്ന, നമുക്കു കൂടുതലായി ഉണ്ടാക്കാന്‍ കഴിയാത്ത ഒന്നിനെ വിലകുറച്ചു നല്‍കി, ആള്‍ക്കാരില്‍ പെട്രോളിനെക്കുറിച്ചു വിലകുറഞ്ഞ ഒരുസാധനമെന്ന പ്രതീതി നിലനിര്‍ത്തണ്ട ആവശ്യമുണ്ടോ? എന്നതാണ് ഒരു ചോദ്യം.

പെട്രോളിനനുസരിച്ചുള്ള വിലക്കൂടുതല്‍ സാധനങ്ങള്‍ക്കു വരുന്നതിന്നു മുഖ്യ കാരണം ട്രാന്‍സ്പോട്ടേഷനാണ്. കാര്യക്ഷമമായ ട്രാന്‍സ്പോട്ടേഷന്‍ വന്നേ പറ്റൂ. റോഡിനോടൊപ്പമുള്ള റെയില് പാതകള്‍ വരണം. 400 വര്‍ഷത്തിനു ശേഷവും ഇതൊന്നും വരില്ലെങ്കില്‍ എന്തു പറയാന്‍? ഓരോ നാട്ടിലെയും മുഖ്യ ഭക്ഷ്യവിഭവം ആ നാട്ടില്‍ തന്നെ ഉണ്ടാവുന്നവയാണ്. അതു ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ തന്നെ വില ഒരു പരിധി വരെ കുറക്കാം. കേരളാ സര്‍ക്കാര്‍ അതിനായി നല്ല ചുവടു വെപ്പുകള്‍ നടത്തിയിട്ടുണ്ട്. പ്രിസിഷന്‍ ഫാമിംഗ് പോലുള്ളവ ജനകീയമായി വരുന്നുണ്ട്.

“പണമുള്ള സഹജീവികളും” , ദാരിദ്ര്യ് രേഖക്കു താഴെയുള്ള സഹജീവികളും, ഇതിനിടയില്‍ വരുന്ന ഇടത്തട്ടുകാരും ഈ നാടിന്റെ യാദാര്‍ത്ഥ്യമാണ്. ഉന്മൂലന സിദ്ധാന്തമോ വര്‍ഗ്ഗസമര സിദ്ധാന്തമോ പൊടി തട്ടിയെടുത്തു ആര്‍ക്കും ഒന്നിനെയും ഇന്നു ഇല്ലാതാക്കാനാവില്ല. ജനാധിപത്യമെന്നതില്‍ ഇവര്‍ക്കെല്ലാം ഇടമുണ്ട്. മറ്റുള്ളവന്റെ നേട്ടത്തില്‍ അസഹിഷ്ണുക്കളാകാതെ സ്വന്തം നേട്ടങ്ങള്‍ മനസ്സിലാക്കുവാന്‍ ശ്രമിക്കുകയാണു നമ്മള്‍ ചെയ്യേണ്ടതു.

PRAVEEN (പ്രവീണ്‍ ) - @ഇന്നു ലാഭമുള്ള നമ്മുടെ പൊതുമേഖലാ പെട്രോ സ്ഥാപനങ്ങള്‍, അന്താരാഷ്ട്ര വില ബാരല്ലിനു 140 ഡോളറിന്നു മുകളില്‍ വന്നകാലത്തു എത്രമാത്രം നഷ്ടത്തിലായിയെന്നു നാം ഓര്‍ക്കേണ്ടതുണ്ട്

അതിന്റെ പേരില്‍ ഒരു കമ്പനിയും പൂട്ടിപ്പോയിട്ടില്ലല്ലോ..? (അന്നു സര്‍ക്കാര്‍ സബ്സിഡി നല്‍കിയത് ഔദാര്യമല്ല, സര്‍ക്കാരിന്റെ കടമയാണ്..!!!)
ഇപ്പോ അതിന്റെ പകുതി വിലയുമേയുള്ളൂ...!!!

പിന്നെ ഇപ്പോള്‍ വിലനിയന്ത്രണം നീക്കിയതിനെ ന്യായീകരിച്ച് ഈപ്പറയുന്നതിനെന്തു പ്രസക്തി..?
പിന്നെ ഇനിയും വില 140 ഡോളറിലെത്തിയാല്‍ പെട്രോള്‍ ലിറ്ററിന് 150 രൂപ കൊടൂക്കേണ്ടിയും വരും..!!!
ഇതൊന്നും താങ്കള്‍ക്ക് പ്രശ്നമല്ലാത്ത സ്ഥിതിക്ക് ചോദിക്കട്ടെ..
താങ്കള്‍ ഏതു ലോകത്താണ് ഹേ ജീവിക്കുന്നത്..?
ചന്ദ്രനിലാണോ? അതോ സൌരോര്‍ജം മാത്രം ഉപയോഗിക്കുന്ന വേറെ ഏതെങ്കിലും ഗ്രഹത്തിലോ..?

@ ഇറക്കുമതി ചെയ്യുന്ന, നമുക്കു കൂടുതലായി ഉണ്ടാക്കാന്‍ കഴിയാത്ത ഒന്നിനെ വിലകുറച്ചു നല്‍കി, ആള്‍ക്കാരില്‍ പെട്രോളിനെക്കുറിച്ചു വിലകുറഞ്ഞ ഒരുസാധനമെന്ന പ്രതീതി നിലനിര്‍ത്തണ്ട ആവശ്യമുണ്ടോ? എന്നതാണ് ഒരു ചോദ്യം.

ഹോ, ഭയങ്കരമായ പ്രശ്നം തന്നെ..!!!
ജനങ്ങളുടെ പ്രശ്നങ്ങളല്ല, “പ്രതീതി”യാണ് പ്രശ്നം..!!!!

ഈ “പ്രതീതി“ നിലനിര്‍ത്തിയാണ് നമ്മുടെ രാജ്യം അരനൂറ്റാണ്ടിലധികം മുന്നോട്ടു പോയത്..!!!
ഈ ഇറക്കുമതി ചെയ്യുന്ന ഈ സാധനം,
നിരുത്സാഹപ്പെടുത്തേണ്ടവയെന്ന പേരില്‍ അധികനികുതി ഈടാക്കുന്ന മദ്യത്തെയും സിഗരറ്റിന്റെയും തോതില്‍ നികുതി ഈടാ‍ക്കുന്നതു കൊണ്ടാണത് വില കുറഞ്ഞ സാധനമല്ലാതാകുന്നത്..!!
യഥാര്‍ത്ഥത്തില്‍ വില കുറഞ്ഞൊരു സാധനം നികുതി കൂട്ടി വില കൂടിയൊന്നാക്കി മാറ്റി, അതില്‍ എന്തെങ്കിലും കുറവു നല്‍കുന്നതു മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന “തെറ്റായ” ‘പ്രതീതി‘യാണ് പെട്രോള്‍ വിലവര്‍ധന കൊണ്ട് രാജ്യത്തെ ജനങ്ങള്‍ക്കാകെയുണ്ടാകുന്ന പ്രശ്നങ്ങളെക്കാള്‍ വലുതെന്ന താങ്കളുടെ നിഗമനം നോബല്‍ പുരസ്കാരത്തിനു പരിഗണിക്കാന്‍ അയച്ചുകൊടുക്കുന്നത് നന്നായിരിക്കും..!!!!

ട്രാന്‍സ്പോര്‍ട്ടേഷന്‍ വികസിപ്പിക്കാ‍ന്‍ റെയില്‍ പാത ഉണ്ടാക്കാന്‍ പറയുന്ന താങ്കള്‍ ഇപ്പോഴും ഉള്ള പാത പോലും ഇരട്ടിപ്പിക്കാത്ത കേരളത്തിലല്ലേ ജീവിക്കുന്നതും..? എത്ര കൊല്ലം കഴിഞ്ഞാലും നടക്കാന്‍ സാധ്യതയില്ലാത്ത ഉട്ടോപിയന്‍ ആശയങ്ങള്‍ പറഞ്ഞ്, സമയം കളയുന്നതിനേക്കാള്‍ ഭേദം ചെയ്യാന്‍ പറ്റുന്ന ലളിതമായ കാര്യം ചെയ്യുകയല്ലേ..?
പൊതുഗതാഗതം എത്രയൊക്കെ വികസിച്ചാലും അര്‍ധരാത്രി അസുഖബാധിതനായൊരാളെ ആശുപത്രിയിലാക്കാന്‍, ‘പൊതുഗതാഗതം’ ഓടിയെത്തുമോ? ദിവസം ഒന്നോ രണ്ടോ ബസുകള്‍ മാത്രമുള്ള ഇടുക്കിയിലെ ചില പ്രദേശങ്ങളീല്‍ നാലാള്‍ക്ക് യാത്ര ചെയ്യാ‍ന്‍ ‘പൊതുഗതാഗതം’ ഓടി വരുമോ..?


പഥികന്‍ :അതിന്റെ പേരില്‍ ഒരു കമ്പനിയും പൂട്ടിപ്പോയിട്ടില്ലല്ലോ..? (അന്നു സര്‍ക്കാര്‍ സബ്സിഡി നല്‍കിയത് ഔദാര്യമല്ല, സര്‍ക്കാരിന്റെ കടമയാണ്..!!!)

സര്‍ക്കാരിന്റെ കടമകളെക്കുറിച്ചും നമ്മുടെ അവകാശങ്ങളെക്കുറിച്ചുമേ നമുക്കു ബോധമുള്ളൂ. സ്വന്തം കടമകളെക്കുറിച്ചു കൂടി നമുക്കു ബോധമുണ്ടാകേണ്ടിയിരിക്കുന്നു. കമ്പനികളെ പൂട്ടിച്ചിട്ടു തുറക്കുന്നതിലാണല്ലോ മിടുക്ക്? ഇനിയും അനിയന്ത്രിതമായ വിലക്കയറ്റം ഉണ്ടായാല്‍ സര്‍ക്കാര്‍ തന്നെ നടപടിയെടുക്കണം. അതു ഞാന്‍ മുന്നേ പറഞ്ഞു കഴിഞ്ഞല്ലോ?

നിരുത്സാഹപ്പെടുത്തേണ്ടവയെന്ന പേരില്‍ അധികനികുതി ഈടാക്കുന്ന മദ്യത്തെയും സിഗരറ്റിന്റെയും തോതില്‍ നികുതി ഈടാ‍ക്കുന്നതു കൊണ്ടാണത് വില കുറഞ്ഞ സാധനമല്ലാതാകുന്നത്..!! യഥാര്‍ത്ഥത്തില്‍ വില കുറഞ്ഞൊരു സാധനം നികുതി കൂട്ടി വില കൂടിയൊന്നാക്കി മാറ്റി, അതില്‍ എന്തെങ്കിലും കുറവു നല്‍കുന്നതു മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന “തെറ്റായ” ‘പ്രതീതി‘യാണ് പെട്രോള്‍ വിലവര്‍ധന കൊണ്ട് രാജ്യത്തെ ജനങ്ങള്‍ക്കാകെയുണ്ടാകുന്ന പ്രശ്നങ്ങളെക്കാള്‍ വലുതെന്ന താങ്കളുടെ നിഗമനം നോബല്‍ പുരസ്കാരത്തിനു പരിഗണിക്കാന്‍ അയച്ചുകൊടുക്കുന്നത് നന്നായിരിക്കും..!!!!

നോബല്‍ സമ്മാനം കിട്ടിയാല്‍ ഞാന്‍ നിഷേധിക്കില്ല :)
വീണ്ടും എനിക്കു പഴയതു തന്നെ പറയേണ്ടി വരുന്നു. നമുക്കു ഉത്പാദിപ്പിക്കാന്‍ ബുദ്ധിമുട്ടുള്ള, ഇറക്കുമതി ചെയ്യുന്ന, ലോകത്തു നിന്നു തന്നെ തീര്‍ന്നുകൊണ്ടിരിക്കുന്ന, വളരെയധികം ഉപയോഗമുള്ള, വളരെയധികം വിലമതിക്കുന്ന ഒരു സാധനത്തിന്റെ വില എപ്പോഴും നഷ്ടം സഹിച്ചും നിയന്ത്രിച്ചു നിര്‍ത്തി ജനങ്ങളില്‍ “ഇതു വളരെ ചീപ്പായി കിട്ടുന്നതാണെന്ന പ്രതീതി” നിലനിര്‍ത്തേണ്ടതില്ലെന്നതാണതു.

പിന്നെ നികുതി, അതാണു രാജ്യത്തിന്റെ മുഖ്യവരുമാനം സംസ്ഥാനങ്ങളുടെയും. ആരും അതു കുറക്കില്ല. വിലകൂടുംബോള്‍ കൂട്ടിക്കിട്ടുന്ന കൂടിയ വരുമാനത്തിന്റെ അല്‍പ്പം പോലും കുറക്കാന്‍ സംസ്ഥാനങ്ങള്‍ പോലും തയ്യാറാവില്ല. ദേശ പരിപാലനം, പദ്ധതികള്‍ മുതല്‍ ദേശസുരക്ഷ വരെ ഇതില്‍ നിന്നാണ് നടപ്പിലാക്കുക.

നിരുത്സാഹപ്പെടുത്തേണ്ടവയെന്ന പേരില്‍ അധികനികുതി ഈടാക്കുന്ന മദ്യത്തെയും സിഗരറ്റിന്റെയും തോതില്‍ നികുതി ഈടാ‍ക്കുന്നതു കൊണ്ടാണത് വില കുറഞ്ഞ സാധനമല്ലാതാകുന്നത് എന്നു പറയുന്നതു ശരിയാണ്. മദ്യവും സിഗററ്റുമൊക്കെ നിരുത്സാഹപ്പെടുത്തുന്നതു ഇപ്പോള്‍ ജീവിക്കുന്ന ജനതക്കു വേണ്ടിയാണെങ്കില്‍, പെട്രോളിന്റെ അമിത ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതു വരും തലമുറകള്‍ക്കു വേണ്ടിക്കൂടിയാണ്.

 നാലാള്‍ക്കു യാത്ര ചെയ്യാവുന്ന പൊതു ഗതാഗത വാഹനവും, അസമയത്തെ യാത്രയും നടക്കാത്തതൊന്നുമല്ലല്ലോ? ഒരു വീട്ടിലും വണ്ടിയുണ്ടാവരുതെന്നല്ല പറഞ്ഞതു. അവയുടെ അനാവശ്യ ഉപയോഗം നമുക്കു കുറക്കാന്‍ കഴിയണമെന്നാണു. ഇതൊക്കെ എന്നോടു തന്നെയുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്.

ഇനിയും വില 140 ഡോളറിലെത്തിയാല്‍ പെട്രോള്‍ ലിറ്ററിന് 150 രൂപ കൊടൂക്കേണ്ടിയും വരും..!!! ഇതൊന്നും താങ്കള്‍ക്ക് പ്രശ്നമല്ലാത്ത സ്ഥിതിക്ക് ചോദിക്കട്ടെ. താങ്കള്‍ ഏതു ലോകത്താണ് ഹേ ജീവിക്കുന്നത്..?ചന്ദ്രനിലാണോ? അതോ സൌരോര്‍ജം മാത്രം ഉപയോഗിക്കുന്ന വേറെ ഏതെങ്കിലും ഗ്രഹത്തിലോ..?

ഇവിടെ, ഈ ഭൂമിയില്‍. എല്ലാ ബുദ്ധിമുട്ടുകളോടെയും... കഴിയുവോളം മിതമായി ഉപയോഗിക്കാന്‍ ശ്രമിച്ചുകൊണ്ട്.... കുറഞ്ഞ വിലക്കു സാധനം കിട്ടിയിരുന്നെങ്കില്‍ എന്നു ആശിച്ചു കൊണ്ടും...

6 comments:

jayarajmurukkumpuzha said...

aashamsakal.....

എന്‍.ബി.സുരേഷ് said...

ഭൂമിയുടെ അടിയിൽ കോടിക്കണക്കിന് വർഷങ്ങൾ കൊണ്ട് ഉറവ പൊട്ടിയ അസംസ്കൃത വസ്തുക്കളെ ഒറ്റയടിക്ക് തിന്നു തീർക്കാതെ ഈ വാഹനങ്ങളേയും നമുക്ക് നീണ്ടു നിൽക്കുന്ന സന്തോഷം തരാത്ത വേഗങ്ങളെയുമൊക്കെ നിയന്ത്രിച്ചാൽ എത്ര നന്നാവും..

meera prasannan said...

ആശംസകള്‍....

Odiyan said...

രാമര്‍ പെട്രോളിനെ ഓര്‍മ്മയില്ലേ..പച്ചിലയില്‍ നിന്നു പെട്രോള്‍ ഉണ്ടാക്കാം എന്നു കണ്ട് പിടിച്ചതിനു പോലീസ് പിടിച്ചിട്ടിടിച്ച രാമര്‍...അതുപോലെ വല്ല സിദ്ധന്മാരും ഉണ്ടാവണം ഇനി ..നമുക്ക് പ്രാര്‍ഥിക്കാം..
ദൈവമേ കൈ തൊഴാം കേള്‍ക്കുമാറാകണം..
കടല്‍ പോലെ പെട്രോളിയം കിട്ടുമാറാകണം ..

Shukoor said...

പെട്രോള്‍ അടിക്കാതെ ഓടുന്ന വല്ല വാഹനവും കണ്ടു പിടിച്ചു കൂടെ? ശാസ്ത്ര സാങ്കേതിക പുരോഗതി ഉണ്ടത്രേ. ഇനി എന്നാ ഇതൊക്കെ ഒന്ന് കണ്ടു പിടിക്കുന്നത്?

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

well