Friday, March 5, 2010

എം.എഫ് ഹുസൈന്‍ ഇന്ത്യവിടുമ്പോള്‍

വിവിധ ബ്ലോഗുകളില്‍ നടക്കുന്ന ചൂടു ചര്‍ച്ചകള്‍ വായിച്ചപ്പോള്‍ ഞാന്‍ രൂപീകരിച്ച എന്റെ ഇപ്പോഴത്തെ അഭിപ്രായം

മറ്റുള്ളവന്റെ മതവികാരം ഹനിക്കുന്നതു ഇസ്ലാമിക നിയമപ്രകാരം തെറ്റാണ്. നഗ്നത പ്രദര്‍ശിപ്പിക്കുന്നതും അതു വരക്കുന്നതുമൊക്കെയും ഇസ്ലാമികമായി തെറ്റു തന്നെ. ആ അര്‍ത്ഥത്തില്‍, ഇസ്ലാമിക കാഴ്ചപ്പാടില്‍ അദ്ദേഹം തെറ്റുകാരനാണ്.

എന്നാല്‍ ഒരു കലാകാരന്റെ ചിന്താഗതിയില്‍ അതെത്രമാത്രം തെറ്റാണ്? പ്രശസ്തരായ ചിത്രകാരന്മാരുടെ ഒട്ടനവധി പ്രശസ്ത ചിത്രങ്ങള്‍ നഗ്നതയുടെ ആഘോഷങ്ങളാണ്. നമ്മുടെ പാര്‍ക്കുകളിലും മറ്റും കാണുന്ന ശില്‍പ്പങ്ങളും നാണമില്ലാത്തവ തന്നെ.

അമ്പലമുറ്റങ്ങളിലും ആഡിറ്റോറിയങ്ങള്‍ക്കുമുന്നിലുമൊക്കെ താലമെടുത്തു നില്‍ക്കുന്ന സ്ത്രീ ശില്‍പ്പങ്ങളിലെ വേഷം, മാറു മാത്രവും(ഇപ്പോഴത്തെ ബ്രാ പോലെയുള്ളതു) അരക്കു താഴെയും മറക്കുന്ന പഴയ വലിയവീട്ടുകളിലെ വസ്ത്രധാരണമാണു. ഇന്നു ആ വേഷത്തില്‍ നമ്മുടെ പെണ്ണുങ്ങളെ കാണാനാവുമോ? ആ വേഷം ഇന്നൊരു മോശം വേഷമായി നമ്മള്‍ പരിഗണിക്കുന്നു. ശ്രീ. രവിവര്‍മ്മയുടെ ചന്തമാര്‍ന്ന മാതൃകകളില്‍ കൂടി ദൈവത്തിനെ കാണാനാണ് പരിഷ്കൃത സമൂഹത്തിനു താല്‍പ്പര്യം. കാരണം നമ്മളുടെയുള്ളില്‍ അത്തരം വസ്ത്രധാരണങ്ങള്‍ കുലമഹിമയും ആഢ്യത്തവുമൊക്കെ വിളിച്ചറിയിക്കുന്നവയാണ്. എന്നാല്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പ് അങ്ങനെയായിരുന്നോ? അടുത്ത നൂറ്റാണ്ടില്‍, ആഢ്യത്തമുള്ളവേഷമായി പാന്റും ഷര്‍ട്ടുമൊക്കെ മാറുകയും നമ്മുടെ ഇഷ്ടക്കാരെ നാം അവയില്‍ സങ്കല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തേക്കാം. ദേശകാലവേഷ്ങ്ങള്‍ക്കു പ്രസക്തി കല്‍പ്പിക്കാത്ത കലാകാരനെന്ന ധിക്കാരിക്കു ഇവ തെറ്റാവുമോ? ശ്രീ രവിവര്‍മയെ ചുറ്റിപ്പറ്റിത്തന്നെ അദ്ദേഹത്തിന്റെ മോഡലിനെ നഗ്നയായി നിര്‍ത്തി വരച്ചിരുന്ന ഒരു ചരിത്രം ഉണ്ട് എന്നുകൂടി ഓര്‍ക്കുക.

ഇനി ഇന്ത്യന്‍ സാഹചര്യം കൂടി നോക്കാം. ഭരണഘടനാപരമായി മതസ്വാതന്ത്ര്യവും, വിശ്വാസ സ്വാതന്ത്ര്യവും, വ്യക്തിസ്വാതന്ത്ര്യവുമൊക്കെയുള്ള നാട്. മറ്റുള്ളവന്റെ മേലേ കുതിര കയറുന്നതിനല്ല നമ്മുടെ സ്വാതന്ത്ര്യം. എല്ലാത്തിനും ഒരു അതിര്‍വരമ്പുകള്‍ വേണ്ടേ? വേണം. മറ്റൊരു രാജ്യത്തു നിന്നു സമാനമായ കാരണത്താല്‍ പുറത്തായവരെ, ഇവിടെ അഭിപ്രായസ്വാതന്ത്ര്യം-കലാകാരന്റെ അവകാശം എന്നൊക്കെ പറഞ്ഞു സംരക്ഷിക്കുമ്പോള്‍ മറ്റുചിലരെ സ്വന്തം നാട്ടില്‍ നിന്നും ആട്ടിപ്പുറത്താക്കുന്ന ഇരട്ടത്താപ്പാണ് വിമര്‍ശിക്കപ്പെടേണ്ട ഒന്നു.

ഇതൊരു വ്യത്യസ്തമായ രാജ്യമാണ്. ഒരുപാട് മതങ്ങളുള്ള രാജ്യം. നമുക്കു നിയതമായ ഒരു രീതിവേണം ഇക്കാര്യങ്ങളില്‍. ഏതെങ്കിലുമൊക്കെ നാടുകളില്‍ ജീവിക്കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാക്കിയവരെ സ്വീകരിക്കാതിരിക്കുക എന്നതാണ് വേണ്ടതു. പ്രത്യേകിച്ചും മതവുമായി ബന്ധപ്പെട്ടവരെ. ഇസ്ലാംവിരുദ്ധതയുടെ പേരില്‍ നാടുവിടേണ്ടിവന്ന തസ്ലീമാ എന്ന ബംഗ്ലാദേശുകാരിയെ നമ്മള്‍ സംരക്ഷിക്കുകയും, നമ്മുടെ രാജ്യത്തിന്റെ ഉന്നതബഹുമതികളിലൊന്നു നല്‍കി നമ്മള്‍ ആദരിച്ച എം.എഫ്. ഹുസൈന്‍ ഹൈന്ദവ വിരുദ്ധതയുടെപേരില്‍ പുറത്താകുകയും ചെയ്യുമ്പോഴാണ് മതം ഒരു വിഷയമായി ഈ കാര്യത്തില്‍ കടന്നു വരിക.

ഒരു മുസ്ലിമിനെ/ഇസ്ലാമിനെ ആക്രമിക്കുക എന്ന ഉദ്ദേശം ആര്‍ക്കെങ്കീലുമുള്ളിലുണ്ടെങ്കില്‍ എം.എഫ് ഹുസൈനെ അതിനായി തിരഞ്ഞെടുക്കുമ്പോള്‍ ഇത്രയും കൂടി അറിയേണ്ടതുണ്ട്. ഇപ്പോള്‍ 95 വയസ്സോളം പ്രായമുള്ള അദ്ദേഹത്തിന്റെ 30-35 വയസ്സുള്ള സമയത്താണ് നമ്മുടെ സ്വാതന്ത്ര്യ ദിനവും ഇന്ത്യാ വിഭജനവുമൊക്കെ സംഭവിച്ചതു. ഒരു മുസ്ലിം മതമൌലികവാദിയായിരുന്നു അദ്ദേഹമെങ്കില്‍, അന്നു അദ്ദേഹം പാകിസ്ഥാനിലേക്കു പോയേനെ എന്നാണെന്റെ വിശ്വാസം.

ഇന്ത്യന്‍ പിക്കാസൊ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പല ചിത്രങ്ങളും സാക്ഷാല്‍ പിക്കാസോയുടെ ചിത്രങ്ങള്‍ പോലെ എനിക്കു കണ്ടാല്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ളതു തന്നെ. മറ്റുള്ളവരെഴുതിയ അവരവരുടെ വീക്ഷണ വിവരണങ്ങളില്‍ കൂടി നോക്കുമ്പോഴാണു എനിക്കാ ചിത്രങ്ങളെ മനസ്സിലാവുന്നതു.

ഇവിടെ ഹുസൈന്റെ നഗ്നതാചിത്രങ്ങളെ അപഗ്രഥിച്ചുള്ള വിവരണങ്ങള്‍ വായിക്കുമ്പോള്‍ അദ്ദേഹം ചെയ്തതു ഒരു തെറ്റെന്നു തോന്നുന്നു. അതോടൊപ്പം നഗ്നനായ ഹിറ്റ്ലറെ ചിത്രീകരിച്ച ഒരു ചിത്രം കൂടി ഞാന്‍ കണ്ടു. അതില്‍ നിന്നും ഈ രീതി അദ്ദേഹത്തിന്റെ ശൈലികളിലൊന്നായും കാണാവുന്നതാണ്.

ശരി തെറ്റുകള്‍ വീക്ഷണകോണുകള്‍ക്കനുസരിച്ചു മാറും. നമുക്കു ചെയ്യുവാന്‍ കഴിയുന്നതു ഒരു മദ്ധ്യപാത നിര്‍മ്മിക്കുക എന്നതു മാത്രമാണ്.

12 comments:

ഷൈജൻ കാക്കര said...

അതിർവരമ്പ്‌ ആര്‌ നിർവചിക്കും എന്നതാണ്‌ പ്രശ്നം. കയൂയ്‌ക്കുള്ളവർ അതല്ലെ സത്യം!!!

ശരി-തെറ്റുകൾ വീക്ഷണകോണുകളിൽ മാറ്റി പ്രതിഷ്ഠിക്കും....

പട്ടേപ്പാടം റാംജി said...

നമ്മുടെ നാട്ടില്‍ സ്വതത്ര്യം കൂടിപ്പോയൊ എന്നൊരു തോന്നല്‍ പല സംഭവങ്ങളും കാണുമ്പോള്‍ തോന്നിപ്പോകുന്നു.

mazhamekhangal said...

sariyum thettum aarariyunnu...?

Muralee Mukundan , ബിലാത്തിപട്ടണം said...

ഏതൊരു കലാകാരനും മറ്റുള്ളവരുടെ പ്രൈവസികളിലേയ്ക്ക് കടന്നുകയറുമ്പോൾ
കല കൊലയായി മാറുന്നു എന്നുമാത്രം!

അരുണ്‍ കരിമുട്ടം said...

ഇത് ഇപ്പോഴും പ്രശ്നമാണോ?

Irshad said...

എന്തു പ്രശ്നം? ചാനലുകള്‍ക്കു പുതിയ വിഷയം കിട്ടിയില്ലെ - സാനിയ ? ഇനിയതിനു പിറകേ കൂടാം

ഇതൊരുമാസം മുന്‍പിട്ടതാ. അരുണിനു കാലം തെറ്റീന്നു തോന്നുന്നു.

Jishad Cronic said...

നന്നായി :-)

ഗോപീകൃഷ്ണ൯.വി.ജി said...

പഥികന്റെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു.നന്നായിരിക്കുന്നു.

Pranavam Ravikumar said...

Well explained.!!!

Thanks for posting!

വെഞ്ഞാറന്‍ said...

പക്വതയുടെ ബലമേറിയ വാക്കുകളിൽ എഴുതിയ കുറിപ്പിന് ആദ്യമേ തന്നെ അഭിനന്ദനം അറിയിക്കുന്നു.

മറ്റുള്ളവർക്കില്ലാത്ത എന്തൊക്കെയോ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും കലാകാരനുണ്ട് എന്നു തന്നെയാണ് എന്റെ അഭിപ്രായം. സാധാരണക്കാരൻ കാണുന്ന കണ്ണിലൂടെയാവില്ല അവർ ലോകത്തെക്കാണുന്നത്..

ഞാനിതുവരെ എമ്മെഫ് ഹുസ്സൈന്റെ ചിത്രങ്ങളുടെ പകർപ്പു പോലും കണ്ടിട്ടില്ല. കാണാൻ സാധ്യതയുണ്ടെന്നും തോന്നുന്നില്ല. എന്റെ അവസ്ഥ തന്നെയായിരിക്കും അദ്ദെഹത്തെ എതിർക്കുന്നവരിൽ 99 ശതമാനത്തിന്റെയും അവസ്ഥ. മൂപ്പരെവിടെയെങ്കിലും ഇരുന്ന് എന്തെങ്കിലും വരച്ചോട്ടെ. കയ്യിൽ കാശുള്ളവർ അതു വാങ്ങിക്കുകയും ചെയ്തോട്ടെ. മൂപ്പരുടെ ക്യാൻ‌വാസ്, മൂപ്പരുടെ ബ്രഷ്, മൂപ്പരുടെ പെയിന്റ്. നമുക്കെന്തു നഷ്ടം! പൊതു ഖജനാവിലെ കാശു മുടക്കി ആ ചിത്രങ്ങൾ വാങ്ങാൻ തീരുമാനിച്ചാൽ പോരേ നമ്മൾ ഒടക്കുന്നത്? അല്ലാതെ ബഹളം വച്ച്, ആ ചിത്രങ്ങളുടെ ഡിമാന്റ് കൂട്ടി, എന്തിനാ പാവപ്പെട്ട കോടീശ്വരന്മാരുടെ കയ്യിൽ നിന്ന് കൂടുതൽ കാശിറക്കിക്കുന്നത്? പഥികൻ പറഞ്ഞതു പോലെ, കണ്ടാൽ മനസ്സിലാകാത്ത ചിത്രങ്ങളെപ്പറ്റി ബഹളം വയ്ക്കാതെ, എഫ്.സീ. ഐ. യിൽ കെട്ടിക്കിടന്നു ചീഞ്ഞു പോകുന്ന ധാന്യങ്ങളെക്കുറിച്ച് കലാപമുണ്ടാക്കാം.

Vishnupriya.A.R said...

gud

sm sadique said...

സത്യം. എങ്കിലും,എല്ലാ ചിത്രങ്ങളും എല്ലാ സത്യങ്ങളും ഇവിടെ വിരിയട്ടെ... അതിൽ നിന്നും നമുക്ക് ചർച്ചകൾ തുടങ്ങാം... അങ്ങനെ സജീവമാകട്ടെ നമ്മുടെ പകലിരവുകൾ. പക്ഷെ,വാളും പരിചയും ബോമ്പുമില്ലാത്ത സമാധാനത്തിന്റ് ചത്വരത്തിലാകട്ടെ നമ്മുടെ എല്ലാം... എല്ലാം...